ഉത്തര കൊറിയൻ മിസൈൽ പരീക്ഷണം; റഷ്യൻ പൗരൻ ഉൾപ്പെടെ ഏഴ് പേർക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
ഉത്തര കൊറിയൻ മിസൈൽ പരീക്ഷണത്തിൽ പങ്കാളികളായ ഏഴ് വ്യക്തികൾക്കും ഒരു സ്ഥാപനത്തിനും എതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഒരു റഷ്യൻ സ്ഥാപനം, ആറ് ഉത്തര കൊറിയൻ പൗരർ, ഒരു റഷ്യൻ പൗരൻ എന്നിവർക്ക് എതിരെയാണ് ഉപരോധം.
ഉത്തര കൊറിയൻ മിസൈൽ പരിപാടികളുടെ മുന്നേറ്റം തടയുന്നതിനൊപ്പം ആയുധ സാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കാനുള്ള രാജ്യത്തിൻ്റെ അപകടകരമായ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയാണ് നടപടികളുടെ ലക്ഷ്യമെന്ന് യു എസ് ട്രഷറി വകുപ്പ് പറഞ്ഞു.
സെപ്റ്റംബർ മുതൽ ഉത്തരകൊറിയ ആറ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ ഓരോന്നും ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ ലംഘിക്കുന്നവയാണ്. ഉത്തരകൊറിയയുടെ എല്ലാ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും നിരോധിച്ചു കൊണ്ടുള്ളതാണ് യു എൻ പ്രമേയങ്ങൾ.
ഒരാഴ്ചയ്ക്കിടെ, ഉത്തര കൊറിയ രണ്ട് ഹൈപ്പർസോണിക് മിസൈലുകളാണ് വിക്ഷേപിച്ചത്. ഒടുവിലത്തെ പരിപാടിയിൽ പ്രസിഡണ്ട് കിം ജോങ് ഉൻ നേരിട്ട് പങ്കെടുക്കുകയും കൂടുതൽ മുന്നേറ്റങ്ങൾ നടത്താൻ സൈന്യത്തെ പ്രേരിപ്പിക്കുകയും ചെയ്തു.