ജക്കാർത്തയല്ല നുസന്താരയാണ് ഇനി ഇന്തോനേഷ്യൻ തലസ്ഥാനം

രാജ്യതലസ്ഥാനം ജക്കാർത്തയിൽ നിന്ന് നുസന്താരയിലേക്ക് മാറ്റാനുള്ള നിയമം ഇന്തോനേഷ്യൻ പാർലമെന്റ് പാസാക്കി. വർഷങ്ങളായി രാജ്യത്തിനകത്ത് വിവിധ തലങ്ങളിലായി നടന്നുവരുന്ന കൂടിയാലോചനകൾക്ക് ഒടുവിലാണ് തലസ്ഥാനമാറ്റം യാഥാർഥ്യമാകുന്നത്. ദ്വീപ് സമൂഹം എന്നാണ് നുസന്താര എന്ന ഇന്തോനേഷ്യൻ വാക്കിൻ്റെ അർത്ഥം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഭാവിയിൽ ജക്കാർത്ത മുങ്ങിപ്പോകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പദ്ധതിക്ക് രൂപം നൽകിയത്. ജനത്തിരക്കും വായുമലിനീകരണവും കൊണ്ട് വീർപ്പുമുട്ടുന്ന ആഗോള നഗരങ്ങളിൽ ഒന്നാണ് ജക്കാർത്ത.

തലസ്ഥാനം നുസന്താരയിലേക്ക് മാറ്റുന്നത് നിരവധി ഘടകങ്ങൾ പരിഗണിച്ചാണെന്ന് ആസൂത്രണ മന്ത്രി സുഹാർസോ മൊനോർഫ പറഞ്ഞു. ജക്കാർത്തയുടെ ഭാവിയും പ്രാദേശികമായ നേട്ടങ്ങളും ജനങ്ങളുടെ ക്ഷേമവുമെല്ലാം ഇതിൽ ഉൾപ്പെടും. ദ്വീപ് സമൂഹത്തിൽ പുതിയൊരു സാമ്പത്തിക കേന്ദ്രം പിറവിയെടുക്കുമെന്ന കാഴ്ചപ്പാടോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇന്തോനേഷ്യയുടെ ഭാവി കണക്കിലെടുത്താണ് നുസന്താരയെ തലസ്ഥാന നഗരമായി തിരഞ്ഞെടുത്തതെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. 2022-നും 2024-നും ഇടയിൽ പ്രാരംഭ മാറ്റം ആരംഭിക്കും. അടുത്ത ദശകത്തിൽ സർക്കാർ കേന്ദ്രം മാറ്റി സ്ഥാപിക്കും. 2045-ഓടെ ലോക നഗരം എന്ന കാഴ്ചപ്പാട് യാഥാർഥ്യമാക്കും.

Related Posts