മതനിയമപ്രകാരം അനുവദനീയമല്ല; ഗർഭനിരോധന ഉത്പന്നങ്ങൾ വിലക്കി താലിബാൻ
കാബൂൾ: സ്ത്രീകൾ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് വിലക്കി താലിബാൻ. മതനിയമപ്രകാരം ഗർഭനിരോധന മാർഗ്ഗങ്ങൾ അനുവദനീയമല്ലാത്തതിനാലാണ് ഈ നീക്കമെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. വ്യാപാരികൾക്ക് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചുകഴിഞ്ഞു. ഗർഭനിരോധന മാർഗങ്ങളുടെ വിൽപ്പന മുസ്ലീങ്ങളുടെ വളർച്ച തടയാനുള്ള വിദേശ രാജ്യങ്ങളുടെ ഗൂഡാലോചനയാണെന്നാണ് താലിബാൻ്റെ വാദം. താലിബാൻ പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി പുതിയ നിയമം അനുസരിക്കണമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ. ആശുപത്രികൾ, ചെറിയ ക്ലിനിക്കുകൾ, മുരുന്നുകടകള്‍ എന്നിവിടങ്ങളും താലിബാൻ പ്രവർത്തകർ സന്ദർശിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഗുരുതരമാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മരുന്ന് വ്യാപാരി വ്യക്തമാക്കി. അവർ രണ്ട് തവണ തോക്കുകളുമായി തന്‍റെ ഫാർമസിയിൽ വന്ന് ഗർഭനിരോധന ഉത്പന്നങ്ങള്‍ വിൽക്കരുതെന്ന് ഭീഷണിപ്പെടുത്തി. കാബൂളിലെ മരുന്ന് കടകളിൽ പതിവായി പരിശോധന നടത്തുന്നുണ്ടെന്നും വ്യാപാരി പറഞ്ഞു.