കൂർമ്പാച്ചി മലയിലേക്ക് തനിച്ചുള്ള നടത്തമാണ് പ്രണയം; വാലൻ്റൈൻസ് ദിനത്തിൽ സംവിധായകൻ പ്രതാപ് ജോസഫ് പങ്കുവെച്ച കുറിപ്പ്

രണ്ടുപേർ ചുംബിക്കുമ്പോൾ, ഒരു രാത്രി ഒരു പകൽ, കുറ്റിപ്പുറം പാലം, അവൾക്കൊപ്പം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രതാപ് ജോസഫ്. ദേശീയ, അന്തർദേശീയ തലങ്ങളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ നിരവധി ചിത്രങ്ങളുടെ ക്യാമറാമാൻ കൂടിയാണ് അദ്ദേഹം. സനൽകുമാർ ശശിധരൻ്റെ സെക്സി ദുർഗ, ഉന്മാദിയുടെ മരണം; സുദേവൻ്റെ സി ആർ നമ്പർ 89, അകത്തോ പുറത്തോ; ഡോൺ പാലത്തറയുടെ ശവം, ജിജു ആൻ്റണിയുടെ ഏലി ഏലി ലാമ സബക്താനി എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്.

പ്രണയദിനത്തിൽ ഫേസ്ബുക്കിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്രകാരൻ. കാൽപ്പനികതയും അകാൽപ്പനികതയും പ്രണയവും പ്രണയരാഹിത്യവും നിറഞ്ഞ ജീവിത വഴികളെയാണ് കവിത പോലുള്ള കുറിപ്പിൽ പ്രതാപ് ഓർത്തെടുക്കുന്നത്. കൂർമ്പാച്ചി മലയിലേക്കുള്ള തനിച്ചുള്ള നടത്തമാണ് പ്രണയമെന്ന് കുറിപ്പിൽ പറയുന്നു. വീഴ്ചയോ വാഴ്ചയോ അല്ല, ജാഗ്രതയാണ് അതിൻ്റെ ലക്ഷ്യമെന്നും പ്രണയിനികളെ ഓർമപ്പെടുത്തുന്നു.

പ്രതാപ് ജോസഫിൻ്റെ കുറിപ്പ് അതേരൂപത്തിൽ താഴെ:

ജീവിതത്തിലെ

ആദ്യത്തെ 20 വർഷങ്ങൾ

അപകടകരമാംവിധം

കാല്പനികനായിരുന്നു

ജീവിതത്തിലെ

രണ്ടാമത്തെ 20 വർഷങ്ങൾ

അപകടകരമാംവിധം

അകാല്പനികനായിരുന്നു

പ്രണയംകൊണ്ടും

പ്രണയരാഹിത്യംകൊണ്ടും

പലരെയും

മുറിവേല്പിച്ചിട്ടുണ്ട്

സ്വയം മുറിവേറ്റിട്ടുണ്ട്

പ്രണയം

കൂർമ്പാച്ചി മലയിലേയ്ക്ക്

തനിച്ചുള്ള നടത്തമാണ്

വീഴ്ചയോ വാഴ്ചയോ അല്ല

ജാഗ്രതയാണ്

അതിന്റെ ലക്ഷ്യം

എല്ലാവർക്കും പ്രണയദിനാശംസകൾ

Related Posts