ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ഇനി രാത്രികാല വെറ്ററിനറി സേവനം
തൃശൂർ: ജില്ലയിലെ 16 ബ്ലോക്കുകളിലും ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെ രാത്രികാല വെറ്ററിനറി സേവനം യാഥാർത്ഥ്യമായി. ബ്ലോക്കുകളിൽ വൈകീട്ട് 6 മുതൽ രാവിലെ 6 വരെ വിദഗ്ധ മൃഗപരിചരണം ഇതോടെ ലഭ്യമാകും. ക്ഷീര കർഷകർ ഉൾപ്പടെയുള്ളവർക്ക് വാതിൽപ്പടി സേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഡോക്ടറിനെ കൂടാതെ ഒരു അറ്റെന്ററിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കരാർ അടിസ്ഥാനത്തിലാണ് ഡോക്ടർമാരെ നിയമിക്കുന്നത്. മൃഗാശുപത്രി/ഡിസ്പെൻസറി എന്നിവിടങ്ങളിൽ ഡോക്ടർമാരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ രാത്രികാലങ്ങളിൽ ആവശ്യഘട്ടങ്ങളിൽ പരിചരണം ലഭ്യമാക്കേണ്ട സ്ഥലത്ത് എത്തുന്നതിനുള്ള വാഹനത്തിൻ്റെ ചെലവ് അതാത് വ്യക്തികൾ വഹിക്കണം. ആവശ്യമുള്ള മരുന്നുകൾ ആശുപത്രികളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫീൽഡിൽ പരിശോധനയ്ക്ക് എത്തുന്ന ഡോക്ടർമാർ ഈ മരുന്നുകൾ നൽകും.
മലയോര മേഖലകളിൽ ഉൾപ്പെടെ രാത്രി കാലങ്ങളിൽ അടിയന്തരമായി ഡോക്ടർമാരുടെ സേവനം ആവശ്യമായി വരുന്നതിനാലാണ് വെറ്ററിനറി സേവനം നടപ്പിലാക്കിയത്. സംസ്ഥാന തലത്തിൽ ആരംഭിച്ച പദ്ധതി പിന്നീട് ജില്ലാ തലത്തിലേയ്ക്ക് വ്യാപിപ്പിക്കുകയായിരുന്നു.