ഇനി പടിയിറക്കം; എം ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും

തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ നിന്നാണ് പടിയിറക്കം. ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണവും, തുടർന്ന് ജയിൽവാസവും, സർവീസിൽ നിന്ന് സസ്പെൻഷനും നേരിട്ടതിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി വകുപ്പിന്‍റെ ചുമതല എന്നിങ്ങനെ ശിവശങ്കർ ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ശക്തനായ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നും സംസ്ഥാന സർക്കാരിൻ്റെ ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചെന്നുമുള്ള ആരോപണങ്ങൾ ശിവശങ്കറിനെ വിവാദത്തിലാഴ്ത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രമം നടന്നതായും ആരോപണമുയർന്നിരുന്നു. ആരോപണത്തെ തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ നീക്കി. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്ത ശേഷം സർവീസിൽ തിരിച്ചെത്തിയെങ്കിലും അപ്രധാന വകുപ്പുകളുടെ ചുമതലകളാണ് നൽകിയത്.

Related Posts