ഇനി പിടി വീഴും; ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് അവതരിപ്പിച്ച് പൊലീസ്
തൃശ്ശൂര്‍: കഴിഞ്ഞ ദിവസം തൃശ്ശൂർ നഗരത്തിൽ ഏഴ് ഡ്രൈവർമാരെ പരിശോധിച്ചപ്പോൾ 4 പേരും ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ പ്രശ്നം ഗുരുതരമാണെന്ന് വ്യക്തമായി. ഇതിന്‍റെ അടിസ്ഥാനത്തിൽ ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുമായി എത്തിയിരിക്കുകയാണ് പൊലീസ്. ഓട്ടോ സ്റ്റാൻഡുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ ലഹരി വിൽപ്പനയുടെ കേന്ദ്രങ്ങളായി മാറിയെന്ന് അധികൃതർ പറഞ്ഞു. അതുകൊണ്ടാണ് ഡ്രൈവർമാർക്ക് എളുപ്പത്തിൽ ലഹരികൾ ലഭിക്കുന്നത്. ഉപയോക്താക്കൾ ഇവ പരസ്പരം കൈമാറുകയും ചെയ്യുന്നു. കാരിയര്‍മാരായി പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യത്തിലും ശക്തമായ സംശയമുണ്ട്. വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടംപോകുന്നതിനാല്‍ മറ്റ് സ്ഥലങ്ങളിൽ നിന്ന് ലഹരി ശേഖരിക്കാനും ഇവർക്ക് കഴിയും. നിരവധി ഡ്രൈവർമാർ ലഹരി ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രിയിൽ വാഹനമോടിക്കണമെങ്കിൽ ഇത് ആവശ്യമാണെന്ന തെറ്റിദ്ധാരണ പലർക്കും ഉണ്ട്. ഇതുവരെ, മദ്യമല്ലാതെ മറ്റൊന്നും പരിശോധനയിലൂടെ കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു അവരുടെ ധൈര്യം. ഡിറ്റക്ഷൻ കിറ്റ് എത്തിയതോടെ അതെല്ലാം മാറിക്കഴിഞ്ഞു. പരിശോധന കൂട്ടുന്നതോടെ ഇതിൻ്റെ ആഴം കൂടുമെന്നും പൊലീസ് പറഞ്ഞു. ഈസ്റ്റ് പൊലീസും ആന്‍റി ഡ്രഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.