പെഗാസസ് അടച്ചുപൂട്ടാനും കമ്പനി വിൽക്കാനും പദ്ധതിയിട്ട് എൻഎസ്ഒ

പെഗാസസ് എന്ന ചാര സോഫ്റ്റ് വെയറിലൂടെ ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ട ഇസ്രയേലി കമ്പനി എൻഎസ്ഒ വിൽപ്പനയ്ക്കെന്ന് റിപ്പോർട്ടുകൾ. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കമ്പനി കടക്കെണിയിലാണ്. നിരവധി നിക്ഷേപക സ്ഥാപനങ്ങളുമായി മൂലധന നിക്ഷേപത്തെ കുറിച്ചും വിൽപ്പന സംബന്ധിച്ചും ചർച്ചകൾ നടന്നു കഴിഞ്ഞു.

ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങളിൽ സർക്കാരുകളെ പ്രതിക്കൂട്ടിലാക്കിയ ഫോൺ ചോർത്തൽ വിവാദത്തിൽ ഉൾപ്പെട്ട കമ്പനിയാണ് എൻഎസ്ഒ. കമ്പനിയുടെ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികൾ, മനുഷ്യാവകാശ പ്രവർത്തകർ, പൗരാവകാശ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ ചോർത്തിയ സംഭവത്തിൽ പാർലമെൻ്റിൽ ദിവസങ്ങളോളം ഒച്ചപ്പാടും ബഹളവും ഉണ്ടായി. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

രണ്ട് അമേരിക്കൻ ഫണ്ടിങ്ങ് കമ്പനികളുമായാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ വിവാദമായ പെഗാസസ് യൂണിറ്റ് ഒരു പക്ഷേ അടച്ചുപൂട്ടിയേക്കും. അല്ലെങ്കിൽ കർശനമായ പ്രതിരോധ സൈബർ സുരക്ഷാ സേവനമെന്ന നിലയിൽ യൂണിറ്റിൻ്റെ പ്രവർത്തനത്തെ പരിമിതപ്പെടുത്തും. ഏകദേശം 200 മില്യൺ ഡോളറിൻ്റെ മൂലധന നിക്ഷേപമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Related Posts