സഹപാഠിക്ക് സാന്ത്വനമായി പി വെമ്പല്ലൂർ എംഇഎസ് സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റ്
തൃശൂർ: സഹപാഠിയായ വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകി ശ്രീനാരായണപുരം പി വെമ്പല്ലൂർ എംഇഎസ് ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റ്. ഹയർസെക്കന്ററി എൻ എസ് എസിന്റെ 'തണൽ-സ്നേഹഭവനം' പദ്ധതിയിലൂടെയാണ് എൻ എസ് എസ് വളണ്ടിയർമാർ വീട് നിർമ്മിച്ച് നൽകുന്നത്. യൂണിറ്റിന്റെ നേതൃത്വത്തിൽ എറിയാട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ വീടിന്റെ താക്കോൽദാനം ഡിസംബർ 11ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും.
ജില്ലാ ഹയർസെക്കന്ററി നാഷണൽ സർവീസ് സ്കീമും ഗുണഭോക്താവായി കണ്ടെത്തിയ വിദ്യാർത്ഥി ഉൾപ്പെടുന്ന യൂണിറ്റും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് " തണൽ - സ്നേഹ ഭവനം". ഈ വർഷം, തൃശൂർ ജില്ലയിൽ മൂന്ന് സഹപാഠികൾക്കായാണ് എൻഎസ്എസ് വളണ്ടിയർമാർ വീട് നിർമ്മിച്ച് നൽകുന്നത്. ഇത്തരത്തിൽ ശ്രീനാരായണപുരം പി വെമ്പല്ലൂർ എംഇഎസ് ഹയർസെക്കന്ററി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടാണ് എറിയാട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായത്. മറ്റ് രണ്ട് ഭവനങ്ങൾ വെള്ളാങ്ങല്ലൂരിലും മാളയിലുമാണ്. ഇവയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
ജില്ലയിലെ പതിനായിരത്തിലധികം വരുന്ന ഹയർസെക്കന്ററി എൻഎസ്എസ് വളണ്ടിയർമാർ നിരവധി ചലഞ്ചുകളിലൂടെയാണ് മൂന്ന് വീടുകൾക്കായുള്ള വിഭവസമാഹരണം നടത്തിയത്. സ്വന്തം വീട്ടിൽ നിന്നും തൊട്ടടുത്തുള്ള വീടുകളിൽ നിന്നും പാഴ്‌വസ്തുക്കൾ ശേഖരിച്ചു കൊണ്ടുള്ള സ്ക്രാപ്പ് ചലഞ്ചാണ് ഇതിൽ പ്രധാനം. കൂടാതെ നിരവധി ഫുഡ് ചലഞ്ചുകൾ സംഘടിപ്പിച്ചും ഗുണഭോക്താവ് അടങ്ങുന്ന യൂണിറ്റിലെ വളണ്ടിയർമാർ നിരവധി പ്രവർത്തനങ്ങളിലൂടെ കണ്ടെത്തിയ തുകയും ഭവന നിർമ്മാണത്തിന് ഉപയോഗിച്ചു. ജില്ലയിലെ സ്കൂളുകളിലെ ഭവനരഹിതരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച്, മറ്റ് ഭവനപദ്ധതിയിൽ ഉൾപ്പെടാൻ കഴിയാത്തവരെ, മുൻഗണനാക്രമത്തിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. വരും വർഷങ്ങളിലും 'തണൽ - സ്നേഹഭവനം പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് ഈ പ്രവർത്തനങ്ങളുടെ വിജയത്തിലൂടെ ജില്ലാ ഹയർസെക്കന്ററി നാഷണൽ സർവീസ് സ്കീം ലക്ഷ്യമിടുന്നത്.