മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ പോഷകത്തോട്ടങ്ങൾ ഒരുങ്ങുന്നു
ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാൻ ന്യൂട്രി സ്മാർട്ട് പദ്ധതിയുമായി മാടക്കത്തറ ഗ്രാമപഞ്ചായത്ത്. ഗുണമേന്മയും പോഷകം നിറഞ്ഞതുമായ ഭക്ഷണം എല്ലാവർക്കും ലഭ്യമാക്കുക, വീട്ടുവളപ്പിൽ വിഷരഹിതമായ പഴം - പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തുന്ന പദ്ധതിയാണിത്.
2021-22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ന്യൂട്രി സ്മാർട്ട് പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ വീടുകളിലേക്കും പോഷക സമൃദ്ധമായ അഞ്ച് തൈകളാണ് നൽകുന്നത്. റംമ്പുട്ടാൻ, ചെറുനാരങ്ങ, അരിനെല്ലി, പപ്പായ, മുരിങ്ങ തുടങ്ങിയ തൈകളാണ് കൃഷിഭവനിൽ നിന്ന് ലഭിക്കുക.
മാടക്കത്തറ ഗ്രാമപഞ്ചായത്ത് ന്യൂട്രി-സ്മാർട്ട് പദ്ധതിയുടെ ഉദ്ഘാടനവും ഫലവൃക്ഷ തൈകളുടെ വിതരണവും കൃഷി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഇന്ദിര മോഹനൻ നിർവഹിച്ചു. വികസനകാര്യ ചെയർപേഴ്സൺ സാവിത്രി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർമാൻ കെ പി പ്രശാന്ത് , കൃഷി ഓഫീസർ അർച്ചന വിശ്വനാഥ്, മെമ്പർമാർ, ജനപ്രതിനിധികൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.