ഉത്തരകൊറിയ ഭക്ഷ്യക്ഷാമം നേരിടുന്നതായി ഐക്യരാഷ്ട്ര നിരീക്ഷകൻ
കടുത്ത ഉപരോധങ്ങൾ മൂലം പ്രയാസങ്ങൾ നേരിടുന്ന ഉത്തര കൊറിയയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായി ഐക്യരാഷ്ട്ര നിരീക്ഷകൻ. വൈറസിനെ രാജ്യത്തേക്ക് കടത്താതിരിക്കാൻ കൈക്കൊണ്ട അസാധാരണമായ നടപടികൾ മൂലം രാജ്യം അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് പൂർണമായും ഒറ്റപ്പെട്ടതായി വടക്കൻ കൊറിയയിലെ മനുഷ്യാവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര നിരീക്ഷകൻ തോമസ് ഒജിയ ക്വിൻടാന പൊതുസഭയുടെ ഹ്യൂമൺ റൈറ്റ്സ് സമിതിക്കു മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ തടവുകാരെ പാർപ്പിച്ചിട്ടുള്ള ക്യാമ്പുകളിൽ പട്ടിണിയാണെന്നും റിപ്പോർട്ടിലുണ്ട്.
കൊവിഡ് പകർച്ചവ്യാധി തടയാൻ അതിർത്തികൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തിന് അകത്തേക്കോ പുറത്തേക്കോ ഉള്ള പ്രവേശനം തടയാൻ 'ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ' പുറപ്പെടുവിച്ചിട്ടുണ്ട്. അതിർത്തികളുടെ അടച്ചിടൽ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് ആരോഗ്യമേഖലയെയാണ്. അവശ്യ വസ്തുക്കൾ പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ രാജ്യം നേരിടുന്ന ഭക്ഷണ പ്രതിസന്ധി തിരിച്ചറിഞ്ഞിട്ടുണ്ട്. പട്ടിണി തടയാനുള്ള മാർഗങ്ങളാണ് അദ്ദേഹം തേടുന്നത്. എന്നാൽ അതിർത്തികൾ അടച്ചതോടെ ഐക്യരാഷ്ട്ര സഭയുടേതടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാനാവാത്ത സ്ഥിതി സംജാതമായിരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ജീവനക്കാർ ആരും തന്നെ നിലവിൽ രാജ്യത്തില്ലെന്നും നയതന്ത്ര പ്രതിനിധികൾ രാജ്യം വിട്ടു പോവുകയാണെന്നും റിപ്പോർട്ടിലുണ്ട്.