ഉക്രയ്ൻ യുദ്ധം: അടുത്ത ഏതാനും ദിവസങ്ങൾ നിർണായകമെന്ന് നിരീക്ഷകർ
തലസ്ഥാനമായ കീവ് കീഴ്പ്പെടുത്തുന്നതിൽ റഷ്യ പരാജയപ്പെടുകയും ശക്തമായ ചെറുത്തു നിൽപുകൾ നടത്തി ഉക്രയ്ൻ സേന പ്രതിരോധം തുടരുന്നതിനും ഇടയിൽ അടുത്ത ഏതാനും ദിവസങ്ങൾ നിർണായകമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. കീവിൽ അതിശക്തമായ ചെറുത്തുനിൽപാണ് റഷ്യൻ സേനയ്ക്ക് നേരിടേണ്ടി വരുന്നത്.
ഇന്നേക്ക് 47 ദിവസമായി യുദ്ധം ആരംഭിച്ചിട്ട്. പരിചയസമ്പന്നനായ സൈനിക മേധാവിയെ നിയമിച്ച് യുദ്ധതന്ത്രത്തിലും സൈനിക ഏകോപനത്തിലും കൂടുതൽ മികവുറ്റ നീക്കങ്ങളാണ് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിൻ പയറ്റുന്നത്. ജനറൽ അലക്സാണ്ടർ ഡ്വോർനിക്കോവിൻ്റെ നിയമനം യുദ്ധത്തിൻ്റെ ദിശ തന്നെ മാറ്റി മറിക്കുമെന്ന കണക്കുകൂട്ടലുണ്ട്.
യുദ്ധത്തിൻ്റെ പുതിയ കേന്ദ്രമായി രാജ്യത്തിന്റെ കിഴക്കൻ മേഖല മാറിയിട്ടുണ്ട്. ആറാഴ്ചത്തെ യുദ്ധത്തിൽ ആൾക്കൂട്ട കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉൾപ്പെടെ 5,000-ത്തിലധികം അതിക്രമങ്ങൾ റഷ്യൻ സേന നടത്തിയതായി ഉക്രയ്ൻ ആരോപിച്ചു. യുദ്ധത്തിന്റെ അടുത്ത ഏതാനും ദിവസങ്ങൾ നിർണായകമാണെന്ന് ഉക്രേനിയൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്‌കിയും അഭിപ്രായപ്പെട്ടു.