ഓഷ്യൻസാറ്റ്-3 വിക്ഷേപണം ശനിയാഴ്ച; ഒപ്പം ഭ്രമണപഥത്തിലെത്തുക 8 ചെറു ഉപഗ്രഹങ്ങൾ

സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 ഉപഗ്രഹം ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 11.56നാണ് വിക്ഷേപണം. പിഎസ്എൽവി-സി 54 റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ഓഷ്യൻസാറ്റ്-3 യ്ക്കൊപ്പം എട്ട് ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തും. പി.എസ്.എൽ.വിയുടെ 56-ാമതും പി.എസ്.എൽ.വി.യുടെ എക്സ്.എൽ പതിപ്പിന്‍റെ 24-ാമത്തെ ദൗത്യവുമാണ് ഇത്. 1999 മെയ് 26നാണ് സമുദ്രത്തെയും സമുദ്രത്തിന് മുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ചെടുത്ത ഓഷ്യൻസാറ്റ് ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. 2009 സെപ്റ്റംബർ 9ന് വിക്ഷേപിച്ച രണ്ടാമത്തെ ഉപഗ്രഹ കാലാവധി 2014 ൽ അവസാനിച്ചെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നു. കാലാവസ്ഥാ പ്രവചനം, മത്സ്യബന്ധനം, തീരദേശ നിരീക്ഷണം എന്നിവ ഓഷ്യൻസാറ്റ് -3 വഴി തുടരും. ഭൂട്ടാന്‍റെ ഐഎൻഎസ് 2-ബി, ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിലെ ആനന്ദ്, ഹൈദരാബാദിലെ ധ്രുവ സ്പേസിന്റെ അസ്‌ട്രോകാസ്റ്റ് (4 ഉപഗ്രഹങ്ങൾ), അമേരിക്കയിൽ നിന്നുള്ള ഡൈബോൾട്ട് (2) എന്നിവയാണ് ഓഷ്യൻസാറ്റിനൊപ്പം വിക്ഷേപിക്കുന്ന ചെറിയ ഉപഗ്രഹങ്ങൾ.

Related Posts