ബാപ്പൂജി.. ഇന്ത്യയെ സ്വാതന്ത്ര്യത്തിൻറെ കവാടത്തിലേയ്ക്ക് നയിച്ച മഹാത്മാവ്

ഇന്ന് ഗാന്ധി ജയന്തി. അഹിംസ ഉയർത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ബാപ്പൂജിയുടെ ജന്മദിനം. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിൻറെ മനോഹരമായ കവാടത്തിലേയ്ക്ക് നയിച്ച മഹാത്മാവ് പിറവിയെടുത്ത ദിനം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം.

ആക്രമണവും അസഹിഷ്ണുതയുമില്ലാതെ അഹിംസാ മാർഗത്തിലൂടെയായിരുന്നു ഗാന്ധിജിയുടെ ഓരോ പ്രവൃത്തികളും എന്നതിനാൽ അഹിംസയെന്ന ഉയർന്ന ദർശനത്തിൻറെ ഏറ്റവും മികച്ച വക്താവായും രാജ്യം അദ്ദേഹത്തെ കാണുന്നു. അതുകൊണ്ട് തന്നെ ഗാന്ധിജി പിറവിയെടുത്ത ഈ ദിനം രാജ്യാന്തര അഹിംസാ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. ജീവിതത്തിലുടനീളം ഒരിക്കൽ പോലും വിട്ടുവീഴ്ചയില്ലാതെ പാലിച്ച അഹിംസ എന്ന തത്വം ജീവിതത്തിന്റെ സന്ദേശമായി വരും തലമുറകളിലേയ്ക്ക് പകരാനായി മാറ്റി വെച്ചുകൊണ്ടാണ്‌ ഗാന്ധിജി ഭാരതത്തോട് വിടചൊല്ലിയത്. മറ്റാർക്കും ഒരു കാലത്തും അനുകരിക്കാനാവാത്ത വിധമായിരുന്നു ആ ജീവിതം. അതുകൊണ്ട് തന്നെ ഓരോ വർഷവും ഒക്ടോബർ 2 എന്നത് ഓരോ ഇന്ത്യക്കാരനും വിശേഷപ്പെട്ട ദിനം തന്നെയാണ്. ജാതി-മതഭേദമന്യേ എല്ലാവരും ഒരേ മനസോടെ ഗാന്ധിജിയെ ഓർക്കുന്ന ദിനം.

നിര്‍മ്മലമായ സ്‌നേഹത്താല്‍ നേടാനാവത്തതായി ഒന്നുമില്ലെന്ന് നമ്മോട് വിളിച്ച് പറഞ്ഞ ബാപ്പൂജിയുടെ 152ാം ജന്മദിനത്തില്‍ എല്ലാവര്‍ക്കും തൃശ്ശൂർ ടൈംസിന്റെ ഗാന്ധി ജയന്തി ആശംസകള്‍.

Related Posts