ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ധവാനോ സഞ്ജുവോ ക്യാപ്റ്റനായേക്കും
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 ആരംഭിക്കുന്നതിന് മുമ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ ആറിന് ലഖ്നൗവിലെ ഏകനാ സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം. സീനിയർ താരം ശിഖർ ധവാനോ സഞ്ജു സാംസണോ ഇന്ത്യൻ ക്യാപ്റ്റനായേക്കും. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പറക്കുന്നതിനാലാണ് പുതിയ ക്യാപ്റ്റനെ തേടുന്നത്. ഏകദിന പരമ്പര ആരംഭിക്കുന്ന അതേ ദിവസം തന്നെ ഇന്ത്യൻ ടീം പുറപ്പെടും. ഇടക്കാലത്ത് ക്യാപ്റ്റൻമാരായിരുന്ന ഹർദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരും ലോകകപ്പിനുള്ള ടീമിലുണ്ട്. സീനിയർ താരങ്ങൾക്ക് വിശ്രമം നല്‍കിയപ്പോഴൊക്കെ ധവാനായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ധവാനായിരുന്നു ക്യാപ്റ്റന്‍.