ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര; ലോകറെക്കോർഡും സ്വന്തമാക്കി ഇന്ത്യ
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനം ജയിച്ച് ടീം ഇന്ത്യ മറ്റൊരു റെക്കോർഡും സ്വന്തമാക്കി. ഇന്നത്തെ വിജയത്തോടെ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഓസ്ട്രേലിയയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. ഈ വർഷം വിവിധ ഫോർമാറ്റിലായി ഇന്ത്യയുടെ 38-ാം ജയമാണിത്. ഒരു കലണ്ടർ വർഷത്തിൽ 38 വിജയങ്ങൾ ഓസ്ട്രേലിയയ്ക്കുമുണ്ട്. 2003ൽ 47 മത്സരങ്ങളിൽ നിന്ന് 38 വിജയങ്ങളുമായി ഓസ്ട്രേലിയയുടെ സുവർണ തലമുറയാണ് ലോകറെക്കോർഡ് സ്ഥാപിച്ചത്. 2022 ൽ 55 മത്സരങ്ങളിൽ നിന്ന് 38 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്. ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ ഓസ്ട്രേലിയയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017ൽ 53 മത്സരങ്ങളിൽ 37ലും ഇന്ത്യ ജയിച്ചിരുന്നു. 2018 ലും 2019 ലും ഇന്ത്യ 35 മത്സരങ്ങൾ വീതം ജയിച്ചെങ്കിലും ഓസ്ട്രേലിയയെ മറികടക്കാനായിരുന്നില്ല.