ഏകദിന പരമ്പര; ശ്രീലങ്കയെ തകർത്ത് ഇന്ത്യക്ക് വിജയത്തിളക്കം
ഗുവാഹത്തി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയത്തിളക്കം. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ 67 റൺസിനു വിജയിച്ചു. ക്യാപ്റ്റൻ ദാസുൻ ശനക ശ്രീലങ്കയ്ക്കായി നേടിയ സെഞ്ച്വറി ഫലം കണ്ടില്ല. കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറിയുടേയും രോഹിത് ശർമ, ശുഭ്മൻ ഗിൽ എന്നിവരുടെ അർധസെഞ്ച്വറികളുടേയും പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 373 എന്ന സ്കോർ കരസ്ഥമാക്കി. ഇത് പിന്തുടർന്ന ശ്രീലങ്കയ്ക്ക് തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന നിലയിലായിരുന്നു ശ്രീലങ്ക. എന്നാൽ ഒമ്പതാം വിക്കറ്റിൽ കുസാൻ രജിതയ്ക്കൊപ്പം ശനകയുടെ ചെറുത്തുനിൽപ്പ് ശ്രീലങ്കയുടെ തോൽവിയുടെ ഭാരം ലഘൂകരിച്ചു. ഒമ്പതാം വിക്കറ്റിൽ ഇരുവരും ചേർന്ന് 100 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. ശനക പുറത്താകാതെ 108 റൺസ് നേടിയപ്പോൾ രജിത ഒമ്പത് റൺസുമായി മറുവശത്ത് ഉറച്ചു നിന്നു. ഇന്ത്യക്കായി ഉമ്രാൻ മാലിക് മൂന്ന് വിക്കറ്റ് വീഴ്ത്തി.