ബുർജ് ഖലീഫയുടെ രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികിലൂടെ കടന്നുപോകുമെന്ന് നാസ
മനുഷ്യ നിർമിതികളിൽ ഏറ്റവും ഉയരം കൂടിയതെന്ന് രേഖപ്പെടുത്തപ്പെട്ട ദുബൈയിലെ ബുർജ് ഖലീഫയുടെ രണ്ടിരട്ടിയോളം വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികിലൂടെ കടന്നുപോകുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.
ഭൂമിയിൽ നിന്ന് 12,30,000 മൈൽ ദൂരത്തിലാണ് ഛിന്നഗ്രഹം പറക്കുക. 1994 പി സി 1 എന്നുകൂടി അറിയപ്പെടുന്ന ഛിന്നഗ്രഹം 7482-ന് ഏകദേശം 1.6 കിലോമീറ്റർ വീതിയുണ്ട്. അപകടസാധ്യതയുള്ള വസ്തുവായാണ് നാസ ഇതിനെ തരംതിരിച്ചിരിക്കുന്നത്.
ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് 4.6 ദശലക്ഷം മൈലിനുളളിൽ ഭ്രമണപഥമുള്ളതും 140 മീറ്ററിൽ കൂടുതൽ വലിപ്പമുള്ളതുമായ ഛിന്നഗ്രഹങ്ങളെയാണ് നാസ അപകടസാധ്യതാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ദൂരത്തേക്കാൾ അൽപ്പമുയർന്നും 1.3 എ യു ജ്യോതിശാസ്ത്ര യൂണിറ്റിന് അടുത്തുമായി 'നിയർ എർത്ത് ' ആയാണ് ഛിന്നഗ്രഹത്തിൻ്റെ സഞ്ചാരം. ഒരു എ യു എന്നത് ഏതാണ്ട് 93 ദശലക്ഷം മൈലിന് തുല്യമാണ്.
ഇത്രയും വലിപ്പമുള്ള ഒരു ഛിന്നഗ്രഹത്തിന് ഭൂമിയിൽ വൻ നാശം വിതയ്‌ക്കാനുള്ള ശേഷിയുണ്ടെങ്കിലും 1.2 ദശലക്ഷം മൈൽ അകലെയായി ഭൂഗോളത്തിന് അപകടകരമല്ലാത്ത വിധത്തിൽ സുരക്ഷിതമായാണ് ഛിന്നഗ്രഹം പറക്കുകയെന്ന് നാസ പറയുന്നു.