രാജ്യത്ത് കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നതായി ഔദ്യോഗിക രേഖകൾ; ദശലക്ഷങ്ങൾ മരിച്ചിരിക്കാമെന്ന് വിദഗ്ധർ
ഔദ്യോഗിക രേഖകൾ പ്രകാരം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇന്നലെ അഞ്ചുലക്ഷം കടന്നു. എന്നാൽ ദശലക്ഷങ്ങൾ വൈറസിന് ഇരയായിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അശാസ്ത്രീയമായ സർവേ ഫലങ്ങളും വിദൂരമായ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നുള്ള കൃത്യതയില്ലാത്ത മരണക്കണക്കുകളും മരണസംഖ്യ കുറച്ചുകാട്ടുന്നതായാണ് ആരോപണം.
2021 പകുതിവരെ ഇന്ത്യയിൽ 3 ദശലക്ഷം കൊവിഡ് മരണങ്ങളെങ്കിലും നടന്നിരിക്കാമെന്ന് അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ചിന്മയ് തുംബെ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മൂന്ന് വ്യത്യസ്ത ഡാറ്റാബേസുകൾ ഉപയോഗിച്ചുള്ള ഐ എം എമ്മിൻ്റെ പഠനം സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ എം എം പഠനം വസ്തുതാ വിരുദ്ധമാണെന്നും ജനന മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ രാജ്യത്ത് കരുത്തുറ്റ സംവിധാനം നിലവിലുണ്ടെന്നും പറഞ്ഞ് കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ ഇതിനെ തള്ളിക്കളഞ്ഞിരുന്നു.
ജില്ലകളിൽ നിന്നുള്ള ഡാറ്റ ക്രോഡീകരിച്ചതിന് ശേഷമാണ് സംസ്ഥാന സർക്കാരുകൾ കൊവിഡ്-19 മരണങ്ങൾ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയുടെ സമ്മർദത്തിന് വിധേയമായി മരണക്കണക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. മിക്ക കേസുകളിലും, രജിസ്ട്രേഷനിലെ കാലതാമസവും മറ്റ് ഭരണപരമായ പിശകുകളും കാരണം വീഴ്ചകൾ ഉണ്ടാവുന്നതായി അധികൃതർ പറയുന്നു.
ഒമിക്രോൺ വ്യാപനത്തിൻ്റെ ഭാഗമായി മൂന്നാം തരംഗത്തിൻ്റെ മധ്യത്തിലാണ് രാജ്യം ഇപ്പോൾ ഉള്ളത്. അപകടകരമായ സാമൂഹ്യ വ്യാപനമായി വിദഗ്ധർ ഇതിനെ കണക്കാക്കുമ്പോഴും കേന്ദ്ര അധികൃതർ ഇപ്പോഴും ഒമിക്രോണിനെ ഗൗരവത്തിൽ എടുത്തിട്ടില്ല എന്ന ആക്ഷേപവും ശക്തമാണ്.