അമ്മയ്ക്കായി ആർത്ത് വിളിച്ച് ഒളിമ്പ്യ; മനംകവർന്ന് സെറീനയുടെ മകൾ

ന്യൂയോര്‍ക്ക്: ഈ വർഷം യു എസ് ഓപ്പൺ ടൂര്‍ണമെന്റിനെത്തിയ അമേരിക്കൻ ടെന്നീസ് ഇതിഹാസം സെറീന വില്യംസിന് വൻ സ്വീകരണമാണ് ലഭിച്ചത്. ഈ വർഷത്തെ ടൂർണമെന്‍റിലെ ആദ്യ മത്സരത്തിനായി ന്യൂയോർക്കിലെ ആർതർ ആഷെ സ്റ്റേഡിയത്തിൽ എത്തിയ സെറീനയെ നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ വരവേറ്റത്. ഇത്തവണത്തെ സീസണോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച താരത്തിന്റെ ആദ്യ മത്സരം കാണാന്‍ 29,402 റെക്കോഡ് കാണികളാണ് സ്‌റ്റേഡിയത്തിലെത്തിയത്. മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്‍റൺ, ഹോളിവുഡ് നടൻ ഹ്യൂഗ് ജാക്ക്മാൻ എന്നിവരും സദസ്സിലുണ്ടായിരുന്നു. എന്നാൽ സെലിബ്രിറ്റികൾ ഉണ്ടായിരുന്നിട്ടും, അലക്സിസ് ഒളിമ്പ്യ ഒഹാനിയൻ ജൂനിയർ എന്ന നാല് വയസ്സുകാരി പെൺകുട്ടിയാണ് ആർതർ ആഷെയിലെ പ്രേക്ഷകരുടെയും ലോകമെമ്പാടുമുള്ള മത്സരം കണ്ടവരുടെയും ശ്രദ്ധ ആകർഷിച്ചത്. മത്സരം ആരംഭിക്കുന്നതിന് മുമ്പും മത്സര വേളയിലും ക്യാമറ കണ്ണുകൾ നിരവധി തവണ തിരഞ്ഞത് സെറീനയുടെ മകളായ ഒളിമ്പ്യയെയാണ്. ഒളിമ്പ്യ തന്‍റെ അമ്മയുടെ അവസാന ടൂർണമെന്‍റ് എൻട്രി തന്‍റെ ക്യാമറയിൽ പകർത്തുന്നതിന്‍റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മത്സരത്തിനിടെ അമ്മയുടെ ചിത്രങ്ങള്‍ ഒപ്പിയെടുത്തും ആവേശത്തോടെ പ്രോത്സാഹിപ്പിച്ചും കുഞ്ഞ് ഒളിമ്പ്യ ഗാലറിയെ കൈയിലെടുക്കുകയും ചെയ്തു.

Related Posts