ഒരു ദേശീയ ടീമിനെ സ്പോൺസർ ചെയ്ത ആദ്യ സംസ്ഥാനമാണ് ഒഡിഷ.
ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്‌പോണ്‍സർഷിപ്പ് ഒഡിഷ തുടരും.
ഭുവനേശ്വർ: ഇന്ത്യൻ ഹോക്കി ടീമിന്റെ സ്‌പോണ്‍സർഷിപ്പ് ഒഡിഷ സർക്കാർ 10 വർഷത്തേക്ക് കൂടി തുടരുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക്. ടോക്യോ ഒളിമ്പിക്സിനു ശേഷം ആദ്യമായി ഒഡിഷയിലെത്തിയ ഇന്ത്യയുടെ പുരുഷ - വനിതാ ഹോക്കി ടീമുകളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ജർമനിയെ നാലിനെതിരേ അഞ്ചു ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇന്ത്യൻ വനിതാ ടീം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ടോക്യോയിൽ നിന്ന് മടങ്ങിയത്.
1995 മുതൽ സഹാറയായിരുന്നു ഇന്ത്യൻ ഹോക്കി ടീമിന്റെ സ്പോൺസർ. 2017-ൽ 2021 വരെ സ്പോൺസർഷിപ്പ് നീട്ടുകയും ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ മൂലം സഹാറ പിൻമാറുകയായിരുന്നു. ഇതോടെ 2018 ഫെബ്രുവരിയിലാണ് ഒഡിഷ സർക്കാർ ഇന്ത്യൻ ഹോക്കി ടീമിന്റെ സ്പോൺസർ സ്ഥാനത്ത് എത്തുന്നത്. അഞ്ച് വർഷത്തേയ്ക്കുള്ള സ്പോൺസർഷിപ്പിന് 150 കോടി രൂപയാണ് ഹോക്കി ഇന്ത്യയ്ക്ക് ഒഡിഷ നൽകിയത്. അങ്ങനെ ഒരു ദേശീയ ടീമിനെ സ്പോൺസർ ചെയ്ത ആദ്യ സംസ്ഥാനമായി ഒഡിഷ മാറി.