ഇന്ത്യക്ക് ആറാം മെഡൽ; ഗോദയിൽ വെങ്കലം നേടി ബജ്റംഗ് പുനിയ.
ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ. ഒളിമ്പിക് ഗുസ്തിയിൽ പുരുഷൻമാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ ബജ്റംഗ് പുനിയ വെങ്കലം നേടി. കസാഖിസ്താന്റെ ദൗലത് നിയാസ്ബെക്കോവിനെ കീഴടക്കിയാണ് ബജ്റംഗ് വെങ്കലം നേടിയത്. ഒളിമ്പിക് ചരിത്രത്തിൽ ഗുസ്തിയിൽ ഇന്ത്യയുടെ ഏഴാം മെഡലാണിത്. രവികുമാർ ദഹിയക്ക് ശേഷം ടോക്യോ ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ.
നേരത്തെ സെമിയിൽ റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് അസർബൈജാന്റെ ഹാജി അലിയെവയോട് ബജ്റംഗ് പരാജയപ്പെട്ടിരുന്നു. ക്വാർട്ടറിൽ ഇറാന്റെ മൊർത്തേസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്റംഗ് പുനിയ സെമിയിലേക്ക് മുന്നേറിയത്. പ്രീ ക്വാർട്ടറിൽ കിർഗിസ്ഥാന്റെ എർനാസർ അക്മതലിവിനെയും തോൽപ്പിച്ചിരുന്നു.