ഒമിക്രോൺ ആശങ്ക; എൻ95 മാസ്കോ എഫ്എഫ്പി2 മാസ്കോ ധരിക്കണമെന്ന് വിദഗ്ധർ
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനിടെ കൊവിഡ് പ്രതിരോധ നടപടികളിൽ ആവർത്തിച്ചുള്ള ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വിദഗ്ധർ. ഒമിക്രോൺ പോലെ അതിവേഗം പടർന്നു പിടിക്കുന്ന വകഭേദത്തെ ചെറുക്കാൻ തുണി മാസ്കുകൾക്ക് കഴിയില്ലെന്നും കൂടുതൽ സുരക്ഷിതമായ എൻ95 മാസ്കോ എഫ്എഫ്പി2 മാസ്കോ നിർബന്ധമായും ധരിക്കണമെന്നുമുള്ള നിർദേശമാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ നൽകുന്നത്.
മൂക്കും വായും താടിയും ഉൾപ്പെടെ മുഖം മുഴുവൻ മൂടുന്ന തരത്തിലുള്ള മാസ്കാണ് ധരിക്കേണ്ടത്. സർജിക്കൽ മാസ്‌കിനേക്കാൾ കൂടുതൽ സുരക്ഷിതവും ശരിയായ ഫിറ്റിങ്ങ് നൽകുന്നതുമായ എഫ്‌എഫ്‌പി2 മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ഡബിൾ മാസ്കിങ്ങ് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കും. വർധിച്ചുവരുന്ന കേസുകളുടെ പശ്ചാത്തലത്തിൽ ഒറ്റ മാസ്‌ക് ധരിക്കുന്നതിനേക്കാൾ ഇരട്ട മാസ്‌കിങ്ങ് ഉപയോഗപ്രദമാകും, പ്രത്യേകിച്ച് ആരോഗ്യ പ്രവർത്തകർക്ക്.
മാസ്ക് ശരിക്കും ഫിറ്റായിരിക്കണം. ഒരു വശത്തുനിന്നും വായു ചോർന്നു പോകുന്നില്ലെന്ന് ഉറപ്പാക്കണം. മാസ്കുകൾ 100 ശതമാനം സംരക്ഷണം നൽകുന്നില്ലെങ്കിലും, ശരിയായ രീതിയിൽ ധരിക്കുന്നതു വഴി ഒരു പരിധിവരെ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. കൈകൾ സാനിറ്റൈസ് ചെയ്തതിനു ശേഷം മാത്രമേ മാസ്ക് ധരിക്കാവൂ. മാസ്കിൽ ഇടയ്ക്കിടെ കൈകൾ കൊണ്ട് സ്പർശിക്കുന്നത് പൂർണമായും ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ കൈകൾ സാനിറ്റൈസ് ചെയ്ത് അണുവിമുക്തമായെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മാസ്കിൽ സ്പർശിക്കാം. മാസ്ക് ധരിക്കുമ്പോഴും ഊരി മാറ്റുമ്പോഴും അതിൻ്റെ ചരടിൽ മാത്രമേ സ്പർശിക്കാവൂ. സർജിക്കൽ മാസ്കുകൾ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനുള്ളതാണ്. മാസ്കിൽ സാനിറ്റൈസർ തളിക്കാനോ പുരട്ടാനോ പാടില്ല.