ഒമിക്രോൺ ആശങ്ക; പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനം മാറ്റിവെച്ചു

ഒമിക്രോൺ ആശങ്കകളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ, കുവൈറ്റ് സന്ദർശനങ്ങൾ മാറ്റിവെച്ചു. പുതുവർഷത്തിൽ നരേന്ദ്രമോദി സന്ദർശിക്കുന്ന ആദ്യ വിദേശരാജ്യമാകും യു എ ഇ എന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജനുവരി ആറിനാണ് യാത്ര നിശ്ചയിച്ചിരുന്നത്.
ഒമിക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സന്ദർശനം പുനഃക്രമീകരിക്കേണ്ടി വരുമെന്നും യാത്ര ഫെബ്രുവരിയിലേക്ക് നീളുമെന്നും സൗത്ത് ബ്ലോക്ക് വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകമെമ്പാടും പടർന്ന് പിടിക്കുകയാണ്. അമേരിക്കയെയും യൂറോപ്പിനെയും പുതിയ വകഭേദം സാരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയിൽ ഡൽറ്റയെ മറികടന്ന് ഒമിക്രോൺ അതിവേഗം മുന്നേറുകയാണ്.
യു കെ യിൽ അതിവേഗ വ്യാപനം മൂലം രോഗബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി റെക്കോഡുകൾ ഭേദിക്കുന്ന അവസ്ഥയാണ്. ഏഴ് എമിറേറ്റുകളുടെ ഫെഡറേഷനായ യു എ ഇ യിൽ തിങ്കളാഴ്ച 1,732 പുതിയ കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ സ്ഥിതിഗതികൾ ഇതുവരെ നിയന്ത്രണത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. നവംബർ 24-ന് ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ കണ്ടെത്തിയതിനുശേഷം ഏകദേശം 800-ഓളം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.