ഒമിക്രോൺ പടരുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 25 രാജ്യങ്ങളിൽ; മൂന്നിരട്ടിവരെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം പടര്‍ന്നുപിടിക്കുകയാണ്. സൗദി അറേബ്യയ്ക്ക് പിന്നാലെ യു എ ഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു എ ഇയില്‍ എത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ രോഗബാധ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയ്യാറാണെന്നും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ എല്ലാവരും വാക്‌സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നവംബര്‍ 22ന് എത്തിയ ആഫ്രിക്കന്‍ സ്വദേശിയിലാണ് ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. 29നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

നേരത്തെ സൗദി അറേബ്യയില്‍ ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയും ക്വാറന്റീന്‍ ചെയ്തിട്ടുണ്ട്. പതിനാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് സൗദിയില്‍ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന.

ഇതുവരെ 25 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ദക്ഷിണകൊറിയ, സ്വീഡന്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, നോര്‍വെ, നൈജീരിയ, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലും പുതുതായി കേസുകളുണ്ട്. ദക്ഷിണാഫ്രിക്കയിലും അയല്‍രാജ്യമായ ബോട്‌സ്വാനയിലും രോഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. വരും ആഴ്ചകളില്‍ ഇത് മൂന്നിരട്ടിവരെ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Posts