ഒമിക്രോൺ 77 രാജ്യങ്ങളിൽ, അതിവേഗം വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന

കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ 77 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. മുൻ വകഭേദങ്ങളിൽ കണ്ടിട്ടില്ലാത്തവിധം അതിവേഗത്തിലാണ് ഒമിക്രോൺ പടർന്നു പിടിക്കുന്നതെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ പോലും ഇത് എത്തിച്ചേർന്നിരിക്കാൻ സാധ്യതയുണ്ടെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്റ്റർ ജനറൽ തെദ്രോസ് അഥനം ഗബ്രിയേസസ് അഭിപ്രായപ്പെട്ടു.

മഹാമാരിയെ തടയാൻ വാക്സിനേഷൻ മാത്രം മതിയാവില്ല. മാസ്ക് ധരിച്ചും കൈകൾ സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറാവണം.

ഒമിക്രോൺ വകഭേദം ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചുള്ള ആശങ്കകളും ഡബ്ല്യുഎച്ച്ഒ ഡയറക്റ്റർ ജനറൽ പങ്കുവെച്ചു. ബൂസ്റ്റർ ഡോസ് നൽകി സ്വന്തം ജനതയെ സുരക്ഷിതരാക്കാനാണ് ഓരോ രാജ്യത്തിൻ്റെയും ശ്രമം. അധിക ഡോസിന് ലോകാരോഗ്യ സംഘടന എതിരല്ല. എന്നാൽ വാക്സിനേഷൻ കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിലെ അസമത്വം ആശങ്കകൾ വർധിപ്പിക്കുകയാണ്. ഏതെങ്കിലും ഒരു രാജ്യത്തിനോ ഏതാനും രാജ്യങ്ങൾക്കോ മാത്രമായി കൊവിഡ് മഹാമാരിക്കെതിരായ യുദ്ധം വിജയിപ്പിക്കാനാവില്ല. ലോകം മുഴുവൻ ഒന്നിച്ചുനിന്നാലേ പോരാട്ടം ഫലപ്രദമാവൂ.

Related Posts