അമേരിക്കയിൽ അതിവേഗം പടർന്ന് ഒമിക്രോൺ

കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ അമേരിക്കയിൽ അതിവേഗം പടർന്ന് പിടിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ പുതിയതായി രോഗം ബാധിക്കുന്നവരുടെ മൊത്തം എണ്ണത്തിൽ കേവലം 3 ശതമാനം മാത്രമായിരുന്നു ഒമിക്രോൺ ബാധിതരെങ്കിൽ ഈയാഴ്ച അത് 73 ശതമാനമായി ഉയർന്നിട്ടുണ്ട്.

രാജ്യത്തുടനീളം ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച വരെ യുഎസിൽ പ്രബലമായിരുന്ന ഡൽറ്റ വകഭേദം നിലവിൽ ഏകദേശം 27 ശതമാനം ആയി കുറഞ്ഞിരിക്കുകയാണ്.

ഒമിക്രോൺ വ്യാപനത്തിലെ ഗണ്യമായ വർധനവ് അമേരിക്കൻ ആരോഗ്യ പരിപാലന സംവിധാനത്തെ തകരാറിലാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. കൊവിഡിൻ്റെ മറ്റൊരു തരംഗത്തിന് തന്നെ ഒമിക്രോൺ കാരണമാകും എന്ന സന്ദേഹവും ആരോഗ്യ വിദഗ്ധർ പങ്കുവെയ്ക്കുന്നുണ്ട്. ഡൽറ്റയേക്കാൾ ഗുരുതരാവസ്ഥ ഉണ്ടാക്കുമെന്നതിന് തെളിവുകൾ ഇല്ലെങ്കിലും അസാധാരണ വേഗതയിലുള്ള വ്യാപനം ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായ തോതിൽ ബാധിച്ചേക്കും എന്ന വിലയിരുത്തലാണുള്ളത്.

Related Posts