ഒമിക്രോൺ അവസാനത്തെ ആളിക്കത്തലോ? ശുഭപ്രതീക്ഷയിൽ ശാസ്ത്രലോകം

ലോകമെമ്പാടും ഒമിക്രോൺ പടരുന്നതിൻ്റെ ആശങ്കാജനകമായ വാർത്തകൾക്കിടയിലും മഹാമാരിയുടെ പിടിയിൽനിന്ന് ലോകം കുതറി മാറുന്നതിൻ്റെ സൂചനകൾ കണ്ടുതുടങ്ങുന്നതായി പ്രമുഖ ശാസ്ത്രജ്ഞർ.

രോഗബാധിതരാവുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുമ്പോഴും വൈറസ് ഗുരുതര സ്വഭാവം കൈവരിക്കുന്നതായി കാണുന്നില്ല. അത്തരം തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല.

ഡെൽറ്റ പോലുള്ള വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ ബാധിതരുടെ ആശുപത്രി പ്രവേശനം കുറവാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയിൽ വളരെയധികം പേരിൽ ഒന്നിച്ചുവന്ന് വൈറസിനെതിരെ സ്വാഭാവിക പ്രതിരോധശേഷി ആർജിക്കുന്നതു വഴി മഹാമാരി കെട്ടടങ്ങാനുള്ള സാധ്യതയാണ് കാണുന്നത്.

ലോകം ഇപ്പോൾ വൈറസിൻ്റെ തികച്ചും വ്യത്യസ്തമായ ഒരു ഘട്ടത്തിലാണെന്ന് സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിൽ ഇമ്മ്യൂണോളജിസ്റ്റായ മോണിക്ക ഗാന്ധി പറഞ്ഞു. വൈറസ് ഇനിമുതൽ എല്ലായ്പ്പോഴും നമ്മോടൊപ്പമുണ്ടാകും. എന്നാൽ ഒമിക്രോൺ വകഭേദം വളരെയധികം പ്രതിരോധശേഷി ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത് പകർച്ചവ്യാധിയെ ശമിപ്പിക്കാനാണ് സാധ്യത.

Related Posts