ഒമിക്രോൺ: സമ്പന്ന രാജ്യങ്ങൾ വാക്സിൻ പൂഴ്ത്തിവെച്ചാൽ സ്ഥിതിഗതികൾ വഷളാകുമെന്ന് ഡബ്ല്യുഎച്ച്ഒ
ഒമിക്രോൺ ഭീതിയിൽ സമ്പന്ന രാജ്യങ്ങൾ വാക്സിൻ പൂഴ്ത്തിവെയ്ക്കുമോ എന്ന പുതിയ ആശങ്ക വെളിപ്പെടുത്തി ലോകാരോഗ്യ സംഘടന. കൊവിഡിൻ്റെ പുതിയ വകഭേദത്തെ നേരിടാൻ അധിക ഡോസ് വാക്സിൻ വേണ്ടിവരുമോ എന്ന കാര്യത്തിൽ ഇതേവരെ തീർച്ചയുണ്ടായിട്ടില്ല. എന്നാൽ അനുമാനങ്ങളുടെയും ആശങ്കകളുടെയും പുറത്ത് വാക്സിൻ പൂഴ്ത്തിവെച്ചാൽ സ്ഥിതിഗതികൾ വഷളാവുന്ന സാഹചര്യം വരും.
ഒറ്റഡോസ് വാക്സിൻ പോലും ലഭിക്കാത്ത കോടിക്കണക്കിന് മനുഷ്യരാണ് ലോകത്തുള്ളത്. വാക്സിൻ ലഭിച്ചിട്ടില്ലാത്ത മേഖലകളിലാണ് കൊവിഡ് അനിയന്ത്രിതമായി പടരുന്നത്. അത്തരം പ്രദേശങ്ങളിലാണ് വൈറസിൻ്റെ പുതിയ പുതിയ വകഭേദങ്ങൾ ഉടലെടുക്കുന്നതും. അതിനാൽ വൈറസിനെ ഭൂമുഖത്തു നിന്നും നിർമാർജനം ചെയ്യാൻ വാക്സിൻ ലോകത്തെല്ലായിടത്തും എത്തിക്കാൻ കൂട്ടായി പരിശ്രമിക്കുകയാണ് വേണ്ടത്.