ഭിന്നശേഷിക്കാർക്കുവേണ്ടി കടൽത്തീരത്ത് വഴി ഒരുക്കി തമിഴ്നാട് സർക്കാർ
ചെന്നൈ: കടലു കാണുക, പലർക്കും ഏറ്റവും സന്തോഷം നൽകുന്ന കാര്യങ്ങളിലൊന്നാണത്. എന്നാൽ ഭിന്നശേഷിക്കാർക്ക് അതൊരു സ്വപ്നമായി അവശേഷിക്കാറുണ്ട്. വൈകുന്നേരങ്ങളിൽ ബിച്ചിൽ പോയി കാലുനനച്ച് കറങ്ങി നടക്കുന്നതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. ആർത്തടിക്കുന്ന തിരകളെ തൊട്ടടുത്ത് തഴുകുന്നതുപോലെ കടൽത്തീരത്ത് ഇരിക്കാനുള്ള അവരുടെ ആഗ്രഹം ശാരിരിക അവശതകളാൽ സാധ്യമാകാറില്ല. വീട്ടുകാരും കൂട്ടുകാരും ബിച്ചിലേക്ക് കൂട്ടി കൊണ്ടുപോയാലും കടൽത്തിരകളുടെ തൊട്ടടുത്തിരിക്കാനുള്ള ഭാഗ്യം ഭിന്നശേഷിക്കാരിൽ പലർക്കും കിട്ടാറില്ല. എന്നാൽ അത്തരക്കാരുടെയെല്ലാം സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
ഭിന്നശേഷിക്കാർക്കുവേണ്ടി കടൽത്തീരത്തേക്ക് താൽക്കാലിക വഴി ഒരുക്കിയിരിക്കുകയാണ് സ്റ്റാലിൻ സർക്കാർ. മറീന കടൽത്തീരത്തെ ബീച്ച് അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്ന 200 മീറ്റർ നീളമുള്ള വഴിയാണിത്. വിദേശ രാജ്യങ്ങളിലുള്ളതുപോലെ ബീച്ചുകളിൽ വീൽച്ചെയറുകൾക്ക് സഞ്ചരിക്കാനായുള്ള പാതയാണ് തമിഴ്നാട് സർക്കാർ സജ്ജമാക്കിയത്. സ്റ്റാലിന്‍റെ മകനും എം എൽ എയുമായ ഉദയനിധി സ്റ്റാലിന്‍റെ മണ്ഡലത്തിലെ ബിച്ചിലാണ് ഇപ്പോൾ ഈ പാത ഒരുക്കിയിട്ടുള്ളത്. ഇതൊരു തുടക്കം മാത്രമാണെന്ന കുറിപ്പോടെ മുഖ്യമന്ത്രി തന്നെ ചിത്രങ്ങൾ പങ്കുവെച്ചത്.