ഓണത്തിന് 892006 കിറ്റുകൾ : വിതരണം ഇന്ന് മുതൽ; ജില്ലാതല വിതരണോദ്ഘാടനം നടന്നു
തൃശ്ശൂർ: ജില്ലയിൽ 1257 റേഷൻകടകളിൽ നിന്നായി വിതരണം ചെയ്യുക 892006 ഓണക്കിറ്റുകൾ. എ എ വൈ (മഞ്ഞ) വിഭാഗത്തിൽ 52363, പി എച്ച് എച്ച് (പിങ്ക്) 317550, എൻ പി എസ് (നീല) 254024, എൻ പി എൻ എസ് (വെള്ള) 263466, എൻ പി ഐ (മഠം - ആശ്രമം അന്തേവാസികൾ) 4603 എന്നിങ്ങനെയാണ് കാർഡ് തിരിച്ചുള്ള എണ്ണം. ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 23) മുതൽ കിറ്റ് വിതരണം ആരംഭിക്കും.
ഓണക്കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. പ്രതിസന്ധി ഘട്ടത്തിലും മാതൃകയാവുന്ന വിധത്തിലാണ് കേരളം മുന്നോട്ട് പോകുന്നതെന്ന് ഡേവിസ് മാസ്റ്റർ പറഞ്ഞു. ഓണം സമൃദ്ധമാക്കാൻ സൗജന്യ ഓണക്കിറ്റുമായി ജനങ്ങൾക്കൊപ്പം സർക്കാരും കൈകോർക്കുകയാണ്. വിലക്കയറ്റം പോലുള്ള പ്രതിസന്ധികളിൽ സാധാരണക്കാർക്ക് സഹായകമാവുകയാണ് സർക്കാരിന്റെ ഇത്തരം മാനുഷിക നടപടികളെന്നും അദ്ദേഹം പറഞ്ഞു. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവ്വഹിച്ചു. ഇതിനോട് അനുബന്ധിച്ചാണ് ജില്ലാതല ഉദ്ഘാടനം നടന്നത്.
ആഗസ്റ്റ് 23, 24 തീയതികളിൽ എ എ വൈ (മഞ്ഞ) കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പി എച്ച് എച്ച് (പിങ്ക്) കാർഡുകാർക്കും 29, 30, 31 തീയതികളിൽ എൻ പി എസ് (നീല) കാർഡുകാർക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ എൻ പി എൻ എസ് (വെള്ള) കാർഡുടമകൾക്കും റേഷൻകടകളിൽ നിന്ന് കിറ്റ് വാങ്ങാം. ഈ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7 വരെ വാങ്ങാം.
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷത വഹിച്ചു. ഒരുമയുടെ ആഘോഷമായ ഓണത്തെ സമൃദ്ധമാക്കുകയാണ് ഓണക്കിറ്റുകളെന്ന് കലക്ടർ പറഞ്ഞു. എല്ലാവർക്കും എന്നതിലുപരി അർഹതപ്പെട്ടവർക്ക് ഭക്ഷ്യധാന്യങ്ങൾ ഉറപ്പുവരുത്തുകയാണ്. കൊവിഡിന്റെ വറുതി കാലത്ത് ഭക്ഷ്യധാന്യ കിറ്റ് ജനങ്ങൾക്ക് നൽകിയ ആശ്വാസം വലുതാണെന്നും കലക്ടർ പറഞ്ഞു.
തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം വീതം ഉണക്കലരി, ചെറുപയർ, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്പൊടി, മഞ്ഞൾപ്പൊടി, തേയില, ശർക്കരവരട്ടി /ചിപ്സ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലക്ക എന്നിവയാണ് കിറ്റിലുൾപ്പെട്ട സാധനങ്ങൾ.
റേഷൻകാർഡ് രജിസ്റ്റർ ചെയ്ത റേഷൻകടകളിൽ നിന്ന് കിറ്റുകൾ വാങ്ങേണ്ടതാണെന്നും ഓണശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ അറിയിച്ചു. ഓണക്കിറ്റിലുൾപ്പെട്ട വെളിച്ചെണ്ണ പായ്ക്കറ്റ് പലവ്യഞ്ജന കിറ്റിനുപുറമേ പ്രത്യേകം നൽകും. ജില്ലയിലാകെ 126 പാക്കിംഗ് കേന്ദ്രങ്ങളിലായാണ് കിറ്റ് തയ്യാറാക്കിയത്.
ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, ഡിപ്പോ മാനേജർ ജോർജ് സാമുവൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.