ഓണം ബമ്പറിൽ പിന്നെയും ട്വിസ്റ്റ്; 12 കോടി അടിച്ചത് കൊച്ചി മരട് സ്വദേശിക്ക്; അവകാശവാദം ഉന്നയിച്ച വയനാട് സ്വദേശിയ്ക്ക് ടിക്കറ്റ് ഹാജരാക്കാനായില്ല
തിരുവനന്തപുരം: ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊച്ചി മരട് സ്വദേശി ജയപാലന്. ഓട്ടോ ഡ്രൈവറായ ജയപാലൻ ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിലേക്ക് കൈമാറി. ഒന്നാം സമ്മാനം ലഭിച്ചു എന്ന് അവകാശവാദം ഉന്നയിച്ച വയനാട് സ്വദേശിയ്ക്ക് ടിക്കറ്റ് ഹാജരാക്കാനായില്ല.
തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജൻസിയിൽ നിന്ന് പത്താം തിയ്യതിയാണ് ടിക്കറ്റ് എടുത്തതെന്ന് ജയപാലൻ പറഞ്ഞു. മറ്റ് ടിക്കറ്റ് എടുത്തതിന്റെ കൂടെ ഫാൻസി നമ്പറായ ഈ ടിക്കറ്റും എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വാർത്ത കണ്ടതോടെ സമ്മാനം ലഭിച്ചതായി മനസ്സിലായി. പത്രം വരുന്നത് വരെ കാത്തിരുന്ന ശേഷമാണ് ബന്ധുക്കളോട് പറഞ്ഞത്. ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടണമെന്നും ജയപാലൻ പറഞ്ഞു.