ഇനി ഭാഗ്യത്തിന്റെ വഴിയേ; ഓണം ബമ്പര്‍ ജേതാവ് അനൂപ് ലോട്ടറിക്കച്ചവടത്തിലേക്ക്
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ 25 കോടിയുടെ ഓണം ബമ്പര്‍ ജേതാവ് ശ്രീവരാഹം സ്വദേശി അനൂപ് ലോട്ടറിക്കച്ചവടത്തിലേക്ക്. മണക്കാട് ജംഗ്ഷനിൽ വെള്ളിയാഴ്ചയാണ് ലോട്ടറി കട തുറന്നത്. നിലവിൽ മറ്റ് ഏജൻസികളിൽ നിന്ന് ടിക്കറ്റ് വാങ്ങി വിൽക്കുകയാണ്. ഉടൻ തന്നെ സ്വന്തമായി ഒരു ഏജൻസി ആരംഭിക്കും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ലഭിച്ച അനൂപ് വാർത്തകളിൽ ഇടം നേടിയിരുന്നു. ലോട്ടറിയാണ് തന്‍റെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്നതെന്നും അതുകൊണ്ടാണ് ലോട്ടറി ബിസിനസ് തന്നെ ആരംഭിച്ചതെന്നും അനൂപ് പറയുന്നു. ഭാര്യ മായ, അനൂപ് എന്നിവരുടെ പേരുകളുടെ ആദ്യക്ഷരം ചേര്‍ത്ത് എം എ ലക്കി സെന്‍റർ എന്നാണ് കടയുടെ പേര്. ഓട്ടോ ഡ്രൈവറായിരുന്ന അനൂപ് സമ്മാനം നേടിയ ശേഷം കുറച്ചുകാലം ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഇപ്പൊൾ സഹോദരൻ ആണ് ഓട്ടോറിക്ഷ ഓടിക്കുന്നത്. പിന്നീട് ലോട്ടറിയെടുത്തപ്പോൾ അനൂപിന് 5000 രൂപ വരെ സമ്മാനമായി ലഭിച്ചു.