കേരളത്തിൽ ഓണത്തിന് വിളമ്പുന്നത് നൂറു കോടിയുടെ ഓണപ്പായസം

കൊച്ചി: പായസമില്ലാതെ എന്ത് ഓണസദ്യ. പാലട, ഗോതമ്പ്, അടപ്രഥമൻ, പരിപ്പ്, സേമിയ, പഴം തുടങ്ങിയ പായസങ്ങളാണ് ഇത്തവണയും പ്രധാനം. തിരുവോണ ദിവസം മാത്രം 10 ലക്ഷം ലിറ്റർ പായസമാണ് കേരളത്തിൽ വിളമ്പുന്നത്. ഇത് ഏകദേശം 20 കോടി രൂപ വരും. 50 ലക്ഷം ലിറ്റർ പായസം ഇത്തവണ കേരളം കുടിക്കും. ഏകദേശം 100 കോടി രൂപയുടെ ബിസിനസ്. വിവിധ തരം പായസങ്ങൾ ഉണ്ടെങ്കിലും ഓണത്തിന് ഡൈനിംഗ് ടേബിളിൽ ഏറ്റവും സാധാരണമായവയാണ് പാലടയും പരിപ്പ് പായസവും. ഇവയിൽ, വിൽപ്പനയിൽ പാലടയാണ് മുന്നിൽ. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആഘോഷമായതിനാൽ അത്തം മുതൽ പായസത്തിന് ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്. കാറ്ററിംഗ് മേഖലയിലുള്ളവരുടെ അഭിപ്രായത്തിൽ പായസത്തിന്‍റെ വിൽപ്പന കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ മെച്ചപ്പെട്ടു. അരലിറ്ററും ഒരു ലിറ്റർ പായസവുമാണ് കൂടുതലും വിൽക്കുന്നത്. ഹോട്ടൽ, കാറ്ററിങ്, റസിഡൻറ്‌സ്‌ അസോസിയേഷനുകൾ തുടങ്ങി ബേക്കറികളിലടക്കം പായസം വിൽക്കുന്നുണ്ട്. കൂടാതെ, റോഡരികിൽ ഗ്ലാസിന് 30-50 രൂപ നിരക്കിൽ വിവിധ തരം പായസം ലഭ്യമാണ്.

Related Posts