ഒരു ലക്ഷം സംരംഭങ്ങൾ; പ്രവാസി മലയാളികൾക്ക് വലിയ റോൾ ഉണ്ടെന്ന് മന്ത്രി പി രാജീവ്

ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള 'സംരംഭക വർഷം' പദ്ധതിയിൽ പ്രവാസി മലയാളികൾക്ക് വലിയ റോളുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നതുൾപ്പെടെയുള്ള പ്രത്യേക ഘടക പദ്ധതി ആവിഷ്കരിക്കാനാണ് തീരുമാനം. സംസ്ഥാനതല ബാങ്കേഴ്സ്‌ സമിതി, കേരള ബാങ്ക് എന്നിവയുടെ സഹകരണത്തോടെ കുറഞ്ഞ പലിശ നിരക്കിൽ പ്രവാസി സംരംഭകർക്ക് വായ്പ നൽകാൻ നടപടി സ്വീകരിക്കും. സർക്കാരിന്റെ പലിശയിളവും നൽകാൻ ആലോചിക്കുന്നുണ്ട്. നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതിനുള്ള ധാരണയായിട്ടുണ്ട്.

പ്രവാസികളുടെ നേതൃത്വത്തിൽ ഇതിനോടകം ആരംഭിച്ചത് 3500 എം എസ് എം ഇകളാണ്. ഇത് ഗണ്യമായി ഉയർത്താനാണ് ശ്രമിക്കുന്നത്.

പ്രവാസി സംരംഭകർക്കായി വ്യവസായ വകുപ്പും നോർക്കയും ചേർന്ന് പരിശീലന പരിപാടികൾ ഒരുക്കും. പ്രവാസികളുടെ നൈപുണ്യം വ്യവസായങ്ങൾക്കായി ഉപയോഗപ്പെടുത്താനും പദ്ധതി തയ്യാറാക്കും.

ജില്ലാ വ്യവസായ കേന്ദ്രങ്ങളും നോർക്ക സംരംഭക സഹായ കേന്ദ്രങ്ങളും ഏകോപിപ്പിച്ച് ഇതിനുള്ള കർമ പരിപാടി തയ്യാറാക്കും. ഇതിനൊപ്പം ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു ഉത്പന്നം എന്ന പദ്ധതി പ്രകാരം പ്രവാസി സംരംഭകർക്ക് അവസരങ്ങളും നൽകും.

Related Posts