ഒരു പൗരപ്രമുഖൻ ആവാൻ എന്താണ് മാർഗം? ചർച്ചയായി സിനിമാ താരം ജോയ് മാത്യുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ജോയ് മാത്യു സോഷ്യൽ മീഡിയയിൽ എന്തെഴുതിയാലും ചർച്ചയാവാറുണ്ട്. വർഷങ്ങൾക്കു മുമ്പ് ജോൺ എബ്രഹാം സംവിധാനം ചെയ്ത 'അമ്മ അറിയാൻ' എന്ന ചിത്രത്തിലെ പുരുഷൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാ രംഗത്തെത്തിയ നടൻ നീണ്ട കാലത്തെ പ്രവാസ ജീവിതത്തിന് ഒടുവിലാണ് സിനിമയിൽ വീണ്ടും സജീവമാകുന്നത്. ആക്റ്റിവിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ, അങ്കിൾ എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
അൽപ്പം മുമ്പ് ജോയ് മാത്യു ഇട്ട ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. ഒരു പൗരപ്രമുഖൻ ആവാൻ എന്താണ് മാർഗം എന്ന ചോദ്യമാണ് പോസ്റ്റിലൂടെ നടൻ ഉയർത്തുന്നത്. കെ റെയിൽ വിഷയത്തിൽ പൗരപ്രമുഖരുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ചകളെ പരിഹസിച്ചുള്ള പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഒട്ടേറെ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഭൂമിയും കിടപ്പാടവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്കു പകരം പദ്ധതിക്ക് അനുകൂലമായ നിലപാടെടുക്കുന്ന ഏതാനും പ്രമുഖരുമായി മാത്രം മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയ്ക്കെതിരെ ഇടതുപക്ഷത്തുനിന്നു പോലും വലിയ തോതിലുള്ള വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഇടതുപക്ഷ അനുഭാവി കൂടിയായ നടൻ്റെ വിമർശനം ഉയർന്നിരിക്കുന്നത്.
ഭരിക്കുന്ന പാർടിക്ക് ഹിതകരമായ നിലപാട് മാത്രം എടുക്കുക, സ്തുതി പാടാൻ പഠിക്കുക, കൈയിൽ പൂത്ത കാശ് ഉണ്ടായിരിക്കുക, സാധാരണ ജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങളുമായി യാതൊരു ബന്ധവും ഇല്ലാതിരിക്കുക, എ സി മുറിയിൽ നിന്ന് ഇറങ്ങാതിരിക്കുക, വിമാനത്തിലും തീവണ്ടികളിലെ ഫസ്റ്റ് ക്ലാസ്സ് എ സി യിലും മാത്രം സഞ്ചരിക്കുക തുടങ്ങി രസകരമായ ഒട്ടേറെ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്. നടനെ വ്യക്തിപരമായി അവഹേളിക്കുന്ന കമൻ്റുകളും ഇതോടൊപ്പമുണ്ട്.