കണ്ണൂരിൽ ട്രെയിൻ കോച്ച് കത്തിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
കണ്ണൂരിൽ ട്രയിൻ കോച്ച് കത്തിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്. സിസിടിവി ദൃശ്യങ്ങളിലുള്ള ആളിനെയാണ് കസ്റ്റഡയില്‍ എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തും വിരൽ അടയാള പരിശോധന നടത്തിയ ശേഷം കൂടുതൽ നീക്കങ്ങളിലേക്ക് പോകാനാണ് പോലീസിന്റെ തീരുമാനം. എലത്തൂരിൽ ആക്രമണമുണ്ടായ അതേ ട്രെയിനിനാണ് ഇന്ന് പുലർച്ചെ തീപിടിച്ചത്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുക ഉയർന്ന ഉടനെ ബോഗി വേർപെടുത്തിയിരുന്നു. സംഭവത്തിന് മുൻപ് അജ്ഞാതൻ കാനുമായി ബോഗിക്ക് അടുത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ട്രെയിനിന് ആസൂത്രിതമായി തീവയ്ക്കുകയായിരുന്നു എന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നതാണിത്.