പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് മദീനയിൽ ഏകജാലക സംവിധാനം

മദീന: പാസ്പോർട്ട്, വിസ, ഇഖാമ സേവനങ്ങൾക്ക് മദീനയിൽ ഏകജാലക സംവിധാനം ആരംഭിച്ചു. മദീന മേഖലയിലെ ആദ്യ കേന്ദ്രമായാണ് ഇതു പ്രവർത്തനമാരംഭിച്ചത്. ചേംബർ ആസ്ഥാനത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം ചേംബർ ഡയറക്ടർ ബോർഡ് ചെയർമാൻ മുനീർ മുഹമ്മദ് നാസർ നിർവഹിച്ചു. മേലഖയിലെ പൗരന്മാർക്കും താമസക്കാർക്കുമുള്ള സേവനങ്ങൾ സുഗമമാക്കാനും മെച്ചപ്പെടുത്താനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് മദീന ചേംബർ വ്യക്തമാക്കി.
പാസ്പോർട്ട്, ഇഖാമ പുതുക്കുക തുടങ്ങിയ സേവനങ്ങൾ കേന്ദ്രം നൽകും. താമസക്കാർക്ക് പാസ്പോർട്ട് പുതുക്കുന്നതിനും വിവിധ രാജ്യങ്ങളിലുള്ളവർ എൻട്രി വിസകൾ നൽകുന്നതിനും കേന്ദ്രം സഹായകമാകും. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ശ്രമങ്ങളില്ലാതെ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. വി എഫ് എസ് ഗ്ലോബൽ കമ്പനിയുമായി അടുത്തിടെ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ചേംബർ വ്യക്തമാക്കി.