ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
ജൂൺ 30 നകം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ക്ലീൻ ആൻഡ് ഗ്രീൻ ക്യാമ്പയിനിൻ്റെ ഭാഗമായാണ് നഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകിയത്.നഗര മേഖലകളിൽ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്നും പ്ലാസ്റ്റിക് നിരോധനം കർശനമാക്കണമെന്നുമാണ് കേന്ദ്രത്തിൻ്റെ നിർദേശം. രാജ്യത്തെ 4804 നഗര തദ്ദേശ സ്ഥാപനങ്ങൾ ഇതിനോടകം ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന ബലൂണിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്‌സ്, കൊടികൾ, മിഠായിയും ഐസ്‌ക്രീമും പൊതിയുന്ന കവറുകൾ, അലങ്കാരപ്പണിക്കായി ഉപയോഗിക്കുന്ന തെർമോകോൾ, പ്ലാസ്റ്റിക് പ്ലേറ്റുകളും കപ്പുകളും മധുരപലഹാരങ്ങൾ പൊതിയുന്ന പൊതിയുന്ന പ്ലാസ്റ്റിക്, ക്ഷണക്കത്ത്, സിഗററ്റ് പാക്കറ്റ്, 100 മൈക്രോണിന് താഴെ കട്ടിയുള്ള പ്ലാസ്റ്റിക്കുകൾ എന്നിവ ജൂലൈ ഒന്നിന് നിരോധിക്കണമെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്.