കുസൃതി കൂടി, ഒരുവയസ്സുകാരന്റെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി കൊലപ്പെടുത്തി; അമ്മൂമ്മ അറസ്റ്റില്‍
കോയമ്പത്തൂർ: കുസൃതി കൂടിയതിന് പേരക്കുട്ടിയുടെ വായിൽ ബിസ്കറ്റ് കവർ തിരുകി കയറ്റി കൊലപ്പെടുത്തിയ അമ്മൂമ്മ അറസ്റ്റിൽ. പേരക്കുട്ടിയുടെ കുസൃതി കൂടിയത് സഹിക്കാൻ വയ്യാതെ മർദിക്കുകയും വായിൽ ബിസ്കറ്റ് കവർ തിരുകി കയറ്റുകയും തുടർന്ന് ശ്വാസംമുട്ടി കുട്ടി മരിക്കുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മൂമ്മ നാഗലക്ഷ്മിയെ (55) പോലീസ് അറസ്റ്റുചെയ്തു. കോയമ്പത്തൂർ ആർ എസ് പുരത്താണ് സംഭവം. ഒരു വയസ്സുള്ള ദുർഗേഷാണ് ശ്വാസംമുട്ടി മരിച്ചത്.
ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇവരുടെ മകൾ നന്ദിനി ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞെത്തിയപ്പോൾ കുട്ടി തൊട്ടിലിൽ ഉറങ്ങുന്നത് കണ്ടിരുന്നു. രാത്രിയായിട്ടും കുട്ടി എഴുന്നേൽക്കാത്തതിനെത്തുടർന്ന് നോക്കിയപ്പോഴാണ് തൊട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലാണ് കുട്ടിയുടെ കൈകാലുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ മർദിച്ചതിന്റെ പാടുകൾ കണ്ടെത്തിയത്. പോലീസ് ചോദ്യംചെയ്തതിൽ തന്റെ അമ്മയാണ് കുട്ടിയെ നോക്കുന്നതെന്ന് നന്ദിനി അറിയിച്ചിരുന്നു. പിന്നീട് നാഗലക്ഷ്മിയെ തനിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
കുട്ടിക്ക് താഴെവീണുകിടക്കുന്ന എല്ലാ സാധനങ്ങളും വായിലിടുന്ന ശീലമുണ്ടായിരുന്നു. ഇക്കാര്യത്തിൽ തുടർച്ചയായ അസ്വസ്ഥത നാഗലക്ഷ്മി പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് കുട്ടി വായിലെന്തോ ഇട്ടതോടെ ആ ദേഷ്യത്തിൽ ബിസ്കറ്റ് കവർ കുട്ടിയുടെ വായിൽ തിരുകി. പിന്നീട് തൊട്ടിലിൽ ഉറങ്ങാൻ കിടത്തി ഇവർ മറ്റുജോലികളിലേർപ്പെട്ടു. വായിൽ കുടുങ്ങിയ പേപ്പറാണ് ശ്വാസംമുട്ടലിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്