ഐതിഹാസിക കർഷക സമരത്തിന് വയസ് ഒന്ന്; തുറന്ന യുദ്ധം തുടരാൻ കർഷകർ
ന്യൂ ഡൽഹി: കോർപ്പറേറ്റുകളെ പ്രീണിപ്പിച്ച് കൂടെ നിർത്താൻ പ്രഖ്യാപിച്ച കാർഷിക കരിനിയമങ്ങൾ കർഷകരുടെ പോരാട്ട വീര്യത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വന്നു. ഐതിഹാസിക കർഷക സമരത്തിൽ സർക്കാരിനെ മുട്ടുകുത്തിച്ചെങ്ങിലും മുഴുവൻ അവകാശങ്ങളും അംഗീകരിച്ച് തരുന്നത് വരെ കേന്ദ്ര സർക്കാരിനോട് തുറന്ന യുദ്ധം തുടരാൻ ആണ് രണ്ടാം വർഷത്തിൽ കർഷക സംഘടനകളുടെ തീരുമാനം.
ദില്ലി അതിർത്തിയിൽ കഴിഞ്ഞ വർഷം തുടങ്ങിയ കർഷക സമരം ട്രാക്ടർ റാലിയായും പാർലമെൻറ് മാർച്ച് ആയും രാജ്യ തലസ്ഥാനത്ത് കർഷകർ ഇരച്ചെത്തി. ആൾ ഇന്ത്യാ കിസാൻ സഭ ഉൾപ്പടെയുള്ള അഞ്ഞൂറോളം സംഘടനകൾ സംയുക്ത കിസാൻ മോർച്ച എന്ന ഒരു കുടക്കീഴിൽ ഒന്നിച്ചു. കർഷകർക്ക് ഒപ്പം തൊഴിലാളി വർഗ്ഗവും കൈ കോർത്തതോടെ സമരവേദികൾ പിന്നെയും വ്യാപിച്ചു.
സമരം അവസാനിക്കില്ല എന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന ആവശ്യങ്ങൾക്ക് കൂടി അംഗീകാരം ലഭിക്കാൻ ആണ് രണ്ടാം വർഷത്തിൽ കർഷക സമരം ലക്ഷ്യം വയ്ക്കുന്നത്. ദില്ലിയിലെ അതിർത്തികളിൽ ഉള്ള സമര കേന്ദ്രങ്ങളിലേക്ക് എത്താൻ കൂടുതൽ കർഷകരോട് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.