കെ ജി ജോർജിന് ആദരമർപ്പിച്ച് ഓൺലൈൻ ചലച്ചിത്രമേള, ഉദ്ഘാടനം ഇന്ന് വൈകീട്ട് 6.30 ന്, പഞ്ചവടിപ്പാലം ഉദ്ഘാടന ചിത്രം

മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര പ്രതിഭകളിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന കെ ജി ജോർജിനുള്ള ആദരമായി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (എഫ് എഫ് എസ് ഐ) ഓൺലൈൻ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് ആറരയ്ക്കാണ് മേളയുടെ ഉദ്ഘാടനം. സെപ്റ്റംബർ 21 വരെ മേള നീണ്ടുനിൽക്കും.

പ്രശസ്ത സംവിധായകൻ ടി വി ചന്ദ്രനാണ് മേളയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. മേളയുടെ ഡയറക്റ്ററും സംവിധായകനുമായ ലിജിൻ ജോസ് ആമുഖ പ്രഭാഷണം നിർവഹിക്കും.

https://ffsikeralam.online/ എന്ന സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമിലൂടെയാണ് മേള സംഘടിപ്പിക്കുന്നത്. ദിവസവും വൈകീട്ട് 6.30 മുതൽ പരിപാടിക്ക് തുടക്കം കുറിക്കും. ആദ്യം സിനിമയെ കുറിച്ചുള്ള ആമുഖ ഭാഷണവും തുടർന്ന് സിനിമാ പ്രദർശനവും എന്ന നിലയിലാണ് പരിപാടി.

'പഞ്ചവടിപ്പാലം' ആണ് ഉദ്ഘാടന ചിത്രം. സിനിമയുടെ പ്രാധാന്യത്തെപ്പറ്റി അഭിനേതാവും സംവിധായകനുമായ മധുപാൽ സംസാരിക്കും. രണ്ടാം ദിനത്തിൽ 'മറ്റൊരാൾ' പ്രദർശിപ്പിക്കും. ചിത്രത്തെപ്പറ്റി സംസാരിക്കുന്നത് പരിസ്ഥിതി പ്രവർത്തകയും ആക്റ്റിവിസ്റ്റുമായ കുസുമം ജോസഫാണ്.

കെ ജി ജോർജിൻ്റെ സിനിമകളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട 'ആദാമിൻ്റെ വാരിയെല്ല് ' ആണ് മൂന്നാം ദിവസം പ്രദർശിപ്പിക്കുന്നത്. ചലച്ചിത്ര നിരൂപക അഖില എം എസ് ആമുഖ പ്രഭാഷണം നിർവഹിക്കും. നാലാം ദിനത്തിൽ 'ഇരകൾ' പ്രദർശിപ്പിക്കും. പ്രമുഖ മാധ്യമ പ്രവർത്തകൻ എം ജി രാധാകൃഷ്ണൻ അവതരിപ്പിക്കും.

അഞ്ചാം ദിനത്തിൽ പ്രദർശിപ്പിക്കുന്നത് 8 1/2 ഇൻ്റർകട്ട്സ് എന്ന ഡോക്യുമെൻ്ററിയാണ്. മേളയുടെ ഡയറക്റ്റർ കൂടിയായ ലിജിൻ ജോസ് ആണ് ഡോക്യുമെൻ്ററിയുടെ സംവിധായകൻ. കെ ജി ജോർജ് എന്ന മാസ്റ്റർ ഫിലിം മേക്കറുടെ ജീവിതത്തെയും സിനിമകളെയും അധികരിച്ചാണ് ചിത്രം നിർമിച്ചിട്ടുള്ളത്. ആമുഖഭാഷണം നിർവഹിക്കുന്നത് പി പ്രേമചന്ദ്രനാണ്.

ആറാം ദിവസം ഓപ്പൺ ഫോറമാണ്. കെ ജി ജോർജ് സിനിമകളുടെ സവിശേഷതകൾ ചർച്ച ചെയ്യപ്പെടുന്ന ഓപ്പൺ ഫോറത്തിൻ്റെ ഉദ്ഘാടനം സംവിധായകനും അഭിനേതാവുമായ കെ ബി വേണുവാണ് നിർവഹിക്കുന്നത്.

കെ ജി ജോർജിൻ്റെ ജീവിതത്തെയും ചലച്ചിത്രങ്ങളെയും സമഗ്രമായി പ്രതിപാദിച്ചു കൊണ്ടുള്ള എഫ് എഫ് എസ് ഐ മുഖമാസിക 'ദൃശ്യതാള' ത്തിൻ്റെ പ്രത്യേക കെ ജി ജോർജ് പതിപ്പ് പ്രശസ്ത സംവിധായകൻ കെ പി കുമാരൻ ചടങ്ങിൽ പ്രകാശനം ചെയ്യും.

Related Posts