റോഡപകട നഷ്ടപരിഹാര കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഓണ്‍ലൈന്‍ അദാലത്ത്

റോഡപകട നഷ്ടപരിഹാര കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ അദാലത്തിൻ്റെ ഉദ്ഘാടനം ജില്ലാ മീഡിയേഷന്‍ സെൻ്ററില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.ജെ.വിന്‍സെൻ്റ് നിര്‍വ്വഹിച്ചു. ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അയ്യന്തോള്‍ കോടതി സമുച്ചയത്തിനോട് ചേര്‍ന്നുള്ള മീഡിയേഷന്‍ സെൻ്ററില്‍ വച്ചാണ് ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥരും പരാതിക്കാരും അവരുടെ അഭിഭാഷകരും ഒന്നിച്ചിരുന്നു കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുക.
പരാതിക്കാര്‍ ഒറിജിനല്‍ ചികിത്സാ ബില്ലുകള്‍, ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സമ്മറി, മറ്റു ചികിത്സാ രേഖകള്‍, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ സഹിതം മീഡിയേഷന്‍ സെൻ്റര്‍ മുമ്പാകെ നേരിട്ടോ അതാതു വക്കീലന്മാര്‍ സഹിതമോ അനുവദിച്ചിരിക്കുന്ന സമയത്ത് എത്തിച്ചേരണം. എല്ലാ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികലും അദാലത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റോഡപകട കേസുകളുടെ ബാഹുല്യം മൂലം നഷ്ടപരിഹാരത്തിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇത്തരമൊരു അവസരം ഒരുക്കിയിരിക്കുന്നത്. സംശയനിവാരണത്തിനായി അതാതുവക്കീലന്മാരോടോ, മീഡിയേഷന്‍ സെൻ്ററുമായോ ബന്ധപ്പെടാം. കേസ് തീര്‍പ്പാക്കിക്കഴിഞ്ഞാല്‍ 45 ദിവസത്തിനകം നഷ്ടപരിഹാരത്തുക പരാതിക്കാരൻ്റെ ബാങ്ക് അക്കൗണ്ടില്‍ ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് നിക്ഷേപിക്കുന്നതാണ്. ഇതുവഴി കേസുകള്‍ തീര്‍പ്പാക്കിയാല്‍ പരാതിക്കാരന്‍ അടക്കേണ്ട കോടതി ചെലവ് ഒഴിവായി കിട്ടും എന്ന ആനുകൂല്യവുമുണ്ട്.