ഓൺലൈൻ വായ്പാ തട്ടിപ്പ് ; യുവാവിന് ധനനഷ്ടം, മാനഹാനി
തിരൂർ: ഓൺലൈൻ വായ്പാ ആപ്പ് വഴി വായ്പയെടുത്ത് തട്ടിപ്പിൽ അകപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. വാങ്ങിയ തുകയുടെ ഇരട്ടി തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചാണ് വെട്ടത്തെ യുവാവിനെ ഭീഷണിപ്പെടുത്തിയത്. പണം ആവശ്യം വന്നപ്പാഴാണ് യുവാവ് ആപ്പ് ഉപയോഗിച്ച് 18,600 രൂപ കടം വാങ്ങിയത്. ഏഴ് ദിവസം കഴിഞ്ഞ് പണം തിരികെ ചോദിച്ച് ഒരു കോൾ വന്നു. 40,000 രൂപയാണ് ആവശ്യപ്പെട്ടത്. കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോൾ 3,500 രൂപ പിഴയായി ആവശ്യപ്പെട്ടു. ഇത് കൊടുത്തു, പക്ഷേ 3 ദിവസത്തിന് ശേഷം വീണ്ടും കോൾ വന്നു. ഭീഷണി കോളിൽ യുവാവിന് വീണ്ടും പണം നൽകേണ്ടിവന്നു. വാങ്ങിയ തുകയുടെ ഇരട്ടിയോളം തിരികെ നൽകിയിട്ടും 40,000 രൂപ കൂടി ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ യുവാവിന്‍റെ ചിത്രം മോർഫ് ചെയ്ത് അയച്ചുകൊടുത്തു. ഇതിലും പതറിയില്ലെന്ന് കണ്ടപ്പോൾ യുവാവിന്‍റെ ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവർക്കും ചിത്രം അയച്ചുകൊടുത്തു. യുവാവും മറ്റ് സ്ത്രീകളുമൊത്തുളള മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സഹിതമാണ് അയച്ചത്. ഇതോടെ ആദ്യം തിരൂർ പൊലീസ് സ്റ്റേഷനിലും പിന്നീട് തിരൂർ ഡിവൈഎസ്പിക്കും പരാതി നൽകി. തിരൂരിലെ മറ്റൊരു യുവാവിനും സമാനമായ രീതിയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം തിരൂർ സബ് ഡിവിഷനിലെ 16 പേരാണ് ഇത്തരം ഭീഷണികളെ തുടർന്ന് പൊലീസിൽ പരാതി നൽകിയത്. എന്നാൽ, പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, അവർ ഫോണിലെ എല്ലാ വിവരങ്ങളും ചോർത്തും. പ്രശ്നമുണ്ടാകുമ്പോൾ ആപ്പ് അനുമതികൾ ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് പൊലീസ് പറയുന്നു.