ലാപ്‌ടോപ്പിന് പകരം കിട്ടിയത് പഴയ പത്രക്കടലാസ്; നഷ്ടമായ പണം വിദ്യാര്‍ഥിനിയ്ക്ക് തിരിച്ചുകിട്ടി; നിർണായകമായത് പാഴ്‌സല്‍ തുറക്കുന്ന വീഡിയോ

കൊച്ചി: ഒരു ലക്ഷത്തിലേറെ വിലയുള്ള ഏയ്‌സര്‍ ലാപ്‌ടോപ്പ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത എന്‍ജിനിയറിങ് വിദ്യാര്‍ഥിനിക്കു പാഴ്‌സല്‍ ആയി കിട്ടിയത് പഴയ പത്രക്കടലാസുകള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ ആമസോണില്‍ നിന്നാണ് ലാപ്ടോപ് ഓർഡർ ചെയ്ത് വാങ്ങിയത്. ആമസോണിൽ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെത്തുടര്‍ന്ന് പൊലീസിനെ സമീപിച്ച യുവതിയ്ക്ക് മാസങ്ങള്‍ക്കു ശേഷം പണം തിരിച്ചുകിട്ടി.
വടക്കന്‍ പറവൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരി ഏതാനും മാസങ്ങൾക്ക് മുമ്പാണ് ആമസോണ്‍ വഴി ലാപ്ടോപ്പ് ബുക്ക് ചെയ്തത്. മുന്‍കൂര്‍ പണം നല്‍കിയായിരുന്നു ബുക്കിങ്. ലാപ്‌ടോപ്പ് വന്നത് ആഘോഷിക്കാന്‍ പാഴ്‌സല്‍ തുറക്കുമ്പോൾ എടുത്ത വിഡിയോ ആണ് വിദ്യാര്‍ഥിനിയ്ക്ക് പണം തിരികെ കിട്ടാന്‍ നിര്‍ണായകമായത്.
ഹരിയാനയില്‍ നിന്നാണ് പാഴ്‌സല്‍ എത്തിയത്. വിദ്യാര്‍ഥിനി ഇതെല്ലാം വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ഈ തെളിവ് അടക്കം ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ പരാതിപ്പെട്ടു. നടപടിയൊന്നും ഉണ്ടായില്ലെന്ന് വിദ്യാര്‍ഥിനി പറയുന്നു. സെല്ലറെ നേരിട്ടു ബന്ധപ്പെടാനും ആമസോണ്‍ കസ്റ്റമര്‍ കെയര്‍ അനുവദിച്ചില്ല.
തുടര്‍ന്ന് ആലവ റൂറല്‍ എസ് പി. കെ കാര്‍ത്തിക്കിന് പരാതി നല്‍കുകയായിരുന്നു. വിഡിയോ, ഫോട്ടോ തെളിവുകള്‍ ഉള്‍പ്പെടെയായിരുന്നു പരാതി. ഹരിയാനയിലെ സെല്ലറെ കണ്ടെത്തി ബന്ധപ്പെട്ടപ്പോള്‍ അവര്‍ തെറ്റു സമ്മതിക്കാനോ പണം മടക്കി നല്‍കാനോ തയാറായില്ലെന്ന് എസ് പി കാര്‍ത്തിക് പറഞ്ഞു. ഡിജിറ്റല്‍ ആയതും അല്ലാതെയുമുള്ള തെളിവുകള്‍ അന്വേഷണ സംഘം സമാഹരിച്ച് നടപടിയിലേക്കു നീങ്ങുകയാണെന്ന് പൊലീസ് സെല്ലറെ അറിയിച്ചു. എന്നാല്‍ കേരള പൊലീസ് എന്തു ചെയ്യാന്‍ എന്നായിരുന്നു സെല്ലറുടെ നിലപാട്. ഒടുവില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ നടപടിയെടുത്തപ്പോള്‍ അവര്‍ പണം മടക്കിനല്‍കാമെന്ന് അറിയിക്കുകയായിരുന്നു.
വിദ്യാര്‍ഥിനിക്കു പണം തിരിച്ചുകിട്ടിയെങ്കിലും സെല്ലര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോവുമെന്ന് പൊലീസ് അറിയിച്ചു. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍ പ്രതികരിച്ചത്.