എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ ഫോക്കസ് ഏരിയയില്‍ നിന്ന് 70 ശതമാനം ചോദ്യങ്ങള്‍ മാത്രം

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയയില്‍ നിന്നും 70 ശതമാനം ചോദ്യങ്ങള്‍ മാത്രമാകും ഉണ്ടാകുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ബാക്കി 30 ശതമാനം ചോദ്യങ്ങള്‍ നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. എല്ലാ കുട്ടികള്‍ക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോര്‍ നേടാനാണിതെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

കഴിഞ്ഞ തവണ അസാധാരണ സാഹചര്യം മൂലമാണ് എല്ലാ ചോദ്യങ്ങളും ഫോക്കസ് ഏരിയയില്‍ നിന്ന് ആയത്. ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്, നോണ്‍ ഫോക്കസ് ഏരിയകളില്‍ 50 ശതമാനം അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ പ്രവേശന പ്രക്രിയയില്‍, കേരളത്തിലെ കുട്ടികള്‍ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി പൊതുപരീക്ഷകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെയുള്ള തീയതികളിലായി നടത്തും. പ്രായോഗികമായ നിരവധി വസ്തുതകള്‍ കണക്കിലെടുത്താണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷകള്‍ നടക്കുകയാണ്. കൂടാതെ ഏപ്രില്‍, മെയ് മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അധ്യാപക പരിശീലനം, എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി/ വിഎച്ച്എസ്ഇ മൂല്യ നിര്‍ണ്ണയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ ഏപ്രില്‍ 2ന് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.

Related Posts