ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍ അമ്മയുടെ പേര് മാത്രം; അച്ഛന്റെ പേരിന് കോളമില്ല
തിരുവനന്തപുരം: ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിനായി കോളമില്ല. സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ അമ്മയുടെ പേര് മാത്രം ചേർക്കാൻ കോളമുള്ള പുതുക്കിയ ഫോം തയ്യാറാക്കി തദ്ദേശ വകുപ്പ്. അമ്മയുടെ പേരു മാത്രം ചേർക്കാനുള്ള ഫോം കൊണ്ടുവരണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മാറ്റം. വിവാഹമോചനത്തിന് ശേഷം അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിച്ച് കൃത്രിമ സങ്കലനത്തിലൂടെ (ഐവിഎഫ്) ഗർഭിണിയായ യുവതി നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
ഓഗസ്റ്റിലെ ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കിയ പ്രത്യേക ഉത്തരവിന് അനുബന്ധമായാണ് ഫോമും തയാറാക്കിയത്. ദാതാവ് അജ്ഞാതനായതിനാൽ ആ പേര് കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാണിച്ചായിരന്നു ഹർജി. അച്ഛന്റെ പേര് രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടുള്ള അപേക്ഷയും സർട്ടിഫിക്കറ്റും അമ്മയുടെയും കുഞ്ഞിന്റെയും അന്തസ്സിനെ ബാധിക്കുമെന്നും കോടതി വിലയിരുത്തി.
അമ്മയുടെ പേരു മാത്രം രേഖപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ചേരാനല്ലൂർ പഞ്ചായത്തിനു നിർദേശം നൽകുന്ന ഉത്തരവ് ഇന്നലെ തദ്ദേശ വകുപ്പ് പുറത്തിറക്കി. അസിസ്റ്റഡ് റിപ്രൊഡക്ടീവ് സാങ്കേതികവിദ്യ (എആർടി) യിലൂടെ ഗർഭിണിയായി എന്ന സത്യവാങ്മൂലം യുവതിയിൽ നിന്ന് എഴുതി വാങ്ങാനും നിർദേശിച്ചിട്ടുണ്ട്.