അമ്മയുടെ ഗർഭപാത്രവും ശ്മശാനവും മാത്രമേ പെൺകുട്ടികൾക്ക് സുരക്ഷിതത്വം നൽകുന്നുള്ളൂ; തമിഴ് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ

പെൺകുട്ടികൾക്ക് സുരക്ഷിതത്വം നൽകുന്ന രണ്ടേ രണ്ട് ഇടങ്ങളേ ഉളളൂവെന്നും അമ്മയുടെ ഗർഭപാത്രവും ശ്മശാനവുമാണ് അവയെന്നും എഴുതിവെച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം അരങ്ങേറിയത്.
ചെന്നൈയിലെ ഒരു സ്കൂളിൽ പതിനൊന്നാം ക്ലാസ്സിലാണ് പെൺകുട്ടി പഠിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് അരികിൽ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ ഇങ്ങനെ പറയുന്നു. പെൺകുട്ടികളെ ബഹുമാനിക്കാൻ മാതാപിതാക്കൾ ആൺകുട്ടികളെ ചെറുപ്പത്തിലേ പരിശീലിപ്പിക്കണം. ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്.
അമ്മയുടെ ഗർഭപാത്രവും ശ്മശാനവും മാത്രമേ പെൺകുട്ടികൾക്ക് സുരക്ഷിതത്വം നൽകുന്നുള്ളൂ. നേരത്തേ പഠിച്ചിരുന്ന സ്കൂളിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായപ്പോഴാണ് ഇപ്പോഴത്തെ സ്കൂളിലേക്ക് പെൺകുട്ടിയെ മാറ്റിയതെന്ന് പറയപ്പെടുന്നു. എന്നാൽ പുതിയ സ്കൂളിലും സമാനമായ അനുഭവങ്ങൾ ആവർത്തിച്ചു. അതോടെ കുട്ടി കടുത്ത മാനസിക പ്രയാസത്തിലായി. കൂട്ടുകാരിൽ നിന്നും അകന്ന് തന്നിലേക്ക് തന്നെ ഒതുങ്ങുകയായിരുന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും ഉറങ്ങാനാവുന്നില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നതായി അടുത്ത കൂട്ടുകാരിൽ ചിലർ സാക്ഷ്യപ്പെടുത്തുന്നു.
പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം.