ഓപ്പറേഷൻ അരിക്കൊമ്പൻ; രണ്ടാമത്തെ കുങ്കിയാന സൂര്യനും ചിന്നക്കനാലിലെത്തി
മൂന്നാർ: ഇടുക്കിയിൽ പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ടാസ്ക് ഫോഴ്സിലെ രണ്ടാമത്തെ കുങ്കി ആനയും ചിന്നക്കനാലിലെത്തി. ചൊവ്വാഴ്ച വൈകിട്ട് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന ആനയാണ് ചിന്നക്കനാലിലെത്തിയത്. ചിന്നക്കനാലിനടുത്തുള്ള പെരിയകനാൽ എസ്റ്റേറ്റിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ആന ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിടിയാനകളുടേയും കുഞ്ഞുങ്ങളുടേയുമൊപ്പമാണ് കൊമ്പൻ്റെ സഹവാസം. പിടികൂടാൻ വനംവകുപ്പ് ലക്ഷ്യമിടുന്നതിനാൽ കൊമ്പൻ മുഴുവൻ സമയവും ആർആർടിയുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഒരാഴ്ചയായി പെരിയകനാൽ എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ ക്യാമ്പ് ചെയ്യുന്നത്. എസ്റ്റേറ്റിൽ നിന്ന് ഇറങ്ങി വന്നാൽ മാത്രമേ കൊമ്പൻ കെണിയിൽ കുടുങ്ങൂ.