അറസ്റ്റിലായത് 244 പേർ
ഓപ്പറേഷന്‍ ഡി – ഹണ്ട്: സംസ്ഥാന വ്യാപകമായി നടത്തിയ ലഹരിവേട്ടയിൽ 246 കേസ്
ലഹരി വില്പനക്കാരെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധന നടത്തി പൊലീസ്. ഓപ്പറേഷന്‍ ഡി ഹണ്ടെന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 244 പേര്‍ അറസ്റ്റിലായി. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് കൊച്ചി സിറ്റിയിലാണ്.
മയക്കുമരുന്നുകള്‍ ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്നവരെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയില്‍ 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 244 പേര്‍ അറസ്റ്റിലായി. 1373 പേരെയാണ് പൊലീസ് പരിശോധിച്ചത്. വിവിധ ജില്ലകളില്‍ നിന്നായി 81.46 ഗ്രാം എം.ഡി.എം.എയും 11 കിലോഗ്രാമോളം കഞ്ചാവും പിടികൂടി. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് കൊച്ചി സിറ്റിയിലാണ്- 61 പേര്‍. ആലപ്പുഴയില്‍ 45 ഉം ഇടുക്കിയില്‍ 32 പേരും തിരുവനന്തപുരം ജില്ലയില്‍ 29 പേരുമാണ് അറസ്റ്റിലായി.
ഏറ്റവും കൂടുതല്‍ എം.ഡി.എം.എ പിടിച്ചെടുത്തത് കൊല്ലം സിറ്റിയില്‍ നിന്നാണ് – 37.41 ഗ്രാം. തിരുവനന്തപുരം റൂറലില്‍ നിന്ന് 22.85 ഗ്രാം എം.ഡി.എം.എയും പിടികൂടി. കൊച്ചി സിറ്റിയില്‍ മാത്രം 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴയില്‍ 44 ഉം ഇടുക്കിയില്‍ 33 ഉം തിരുവനന്തപുരത്ത് 28 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്.